കൊച്ചി: സ്ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയ കേസിൽ കൊല്ലം തുളസിക്ക് കോടതി ജാമ്യം അനുവദിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് കരുനാഗപ്പള്ളി മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കൊല്ലം തുളസി ഇന്നു രാവിലെ ചവറ സർക്കിൾ ഇൻസ്പെക്ടർ ഓഫിസിലെത്തി കീഴടങ്ങിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ കൊല്ലം തുളസി ഹാജരാകണമെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് നടൻ ചവറ സിഐ ഓഫിസിലെത്തി കീഴടങ്ങിയത്.
ഒക്ടോബർ 12 ന് കൊല്ലം ചവറയിൽ ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള നയിച്ച ശബരിമല സംരക്ഷണ ജാഥയുടെ സ്വീകരണയോഗത്തിൽ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയത്. ഇത് ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ പരാമർശത്തിൽ അദ്ദേഹം ക്ഷമ ചോദിക്കുകയും മാധ്യമങ്ങൾ തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും പറയുകയു ചെയ്തു.
വിവാദ പരാമർശത്തിൽ ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് കൊല്ലം തുളസിക്കെതിരെ ചവറ പൊലീസ് കേസെടുത്തത്. മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും ഹർജി തള്ളി. കഴിഞ്ഞ നിയമസഭയിൽ കൊല്ലം ജില്ലയിലെ കുണ്ടറയിൽ ബിജെപിയുടെ നിയമസഭ സ്ഥാനാർത്ഥിയായിരുന്നു കൊല്ലം തുളസി.