തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്കെതിരെ നടത്തിയ പ്രസ്താവനയിൽ നടൻ കൊല്ലം തുളസി മാപ്പപേക്ഷിച്ചു. എന്നാൽ കൊല്ലം തുളസിക്കെതിരെ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു.
തന്റേത് അബദ്ധപ്രയോഗമായിരുന്നുവെന്നും പ്രാർത്ഥനയോഗത്തിൽ പങ്കെടുത്തപ്പോഴുണ്ടായ ആവേശത്തിന് പുറത്തുളള പ്രതികരണമാണെന്നും കൊല്ലം തുളസി പിന്നീട് വിശദീകരിച്ചു. അയ്യപ്പഭക്തനെന്ന നിലയിലുളള വേദനയാണ് താൻ പറഞ്ഞതെന്നും അദ്ദേഹം സ്വയം ന്യായീകരിച്ചു.
Read More: ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം: കൊല്ലം തുളസി
എൻഡിഎ കൊല്ലം ജില്ലയിലെ ചവറയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കൊല്ലം തുളസി വിവാദ പ്രസ്താവനകൾ നടത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള കൂടിയുണ്ടായിരുന്ന വേദിയിൽ വച്ചാണ് കൊല്ലം തുളസി പ്രകോപനപരമായി സംസാരിച്ചത്.
തന്റെ പ്രസ്താവനയിൽ മാപ്പപേക്ഷിച്ചെങ്കിലും ഇനിയും പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുക്കും എന്ന് അദ്ദേഹം പറഞ്ഞു. കളിക്കാൻ പോയ കുട്ടികൾ വൈകി വരുമ്പോൾ നടത്തുന്ന ശാസന പോലെയുളളതായിരുന്നു തന്റെ പ്രസ്താവനയെന്ന് കൊല്ലം തുളസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇദ്ദേഹത്തിന്റെ പ്രസ്താവനയിൽ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇക്കണക്കിന് കേസ് കൊടുക്കാന്‍ പോയാല്‍ വാഗ്ദാനലംഘനത്തിന് മാളികപ്പുറത്തമ്മയ്ക്ക് കോടതിയെ സമീപിച്ചുകൂടെയെന്നാണ് വനിതാ കമ്മീഷൻ നടപടിയെ പരിഹസിച്ച് കൊല്ലം തുളസി ചോദിച്ചത്.