കൊച്ചി: സ്ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയ കേസിൽ കൊല്ലം തുളസിക്ക് മുൻകൂർ ജാമ്യമില്ല. കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ കൊല്ലം തുളസി ഹാജരാകണമെന്നും കോടതി നിർദേശിച്ചു. നേരത്തെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയും കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ശബരിമല യുവതീ പ്രവേശനത്തിലെ സുപ്രീം കോടതി വിധിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കലാണ് പ്രസംഗത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പ്രസംഗമായി മാത്രം ഇതിനെ കാണാൻ കഴിയില്ല. അക്രമം ഉണ്ടാക്കാനാണ് ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കുന്നത്. ജനങ്ങൾക്ക് ഇത് തെറ്റായ സന്ദേശം നൽകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഒക്ടോബർ 12 ന് കൊല്ലം ചവറയിൽ ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള നയിച്ച ശബരിമല സംരക്ഷണ ജാഥയുടെ സ്വീകരണയോഗത്തിൽ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി സ്ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഇത് ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ പരാമർശത്തിൽ അദ്ദേഹം ക്ഷമ ചോദിക്കുകയും മാധ്യമങ്ങൾ തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും ആരോപിച്ചു.

വിവാദ പരാമർശത്തിൽ ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ നിയമസഭയിൽ കൊല്ലം ജില്ലയിലെ കുണ്ടറയിൽ ബിജെപിയുടെ നിയമസഭ സ്ഥാനാർത്ഥിയായിരുന്നു കൊല്ലം തുളസി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.