കൊല്ലം: തേവലക്കരയിൽ വിദ്യാര്‍ത്ഥി മർദനമേറ്റു മരിച്ച സംഭവത്തില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിളളയാണ് അറസ്റ്റിലായത്. സരസൻ പിള്ളയെ ചവറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തതത്. ഇയാളെ സിഐ ഓഫിസിൽ ചോദ്യം ചെയ്തു വരികയാണ്. ജയിൽ വാർഡൻ മർദിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ആളാണ് വിനീതിന്‍റെ പിതൃസഹോദരൻ കൂടിയായ സരസൻ പിള്ള. കേസ് വന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

മകളെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്യാന്‍ സംഭവ ദിവസം സരസന്‍ പിളള രഞ്ജിത്തിന്റെ വീട്ടില്‍ പോയിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. ചവറ സിഐ ചന്ദ്രദാസിനാണ് അന്വേഷണ ചുമതല. അതേസമയം, കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിച്ചു. ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഫെബ്രുവരി പതിനാലിനായിരുന്നു രഞ്ജിത്തിനെ ജില്ലാ ജയില്‍ വാര്‍ഡനായിരുന്ന വിനീതും സംഘവും വീട്ടില്‍ നിന്ന് വിളിച്ചിറക്കി മർദിച്ചത്. തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികളില്‍ രഞ്ജിത് ചികിത്സ തേടിയെങ്കിലും പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. തലയ്ക്ക് പിന്നിലേറ്റ ഗുരുതരമായ പരുക്കും തലച്ചോറിലെ രക്തസ്രാവവും മരണത്തിന് കാരണമായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

ജനനേന്ദ്രിയത്തിലേറ്റ ചതവുള്‍പ്പെടെ ശരീരത്തില്‍ പതിമൂന്നിടത്ത് ക്ഷതമേറ്റിരുന്നതായും സൂചനയുണ്ട്. രഞ്ജിത്തിനെ മര്‍ദിച്ച സംഘത്തില്‍ ആറുപേരുണ്ടായിരുന്നുവെന്നാണ് സാക്ഷിമൊഴി. ഇതില്‍ അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ സരസന്‍പിള്ളക്ക് പങ്കില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിച്ചു.

കേസില്‍ സിപിഎം നേതാവ് ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. രാഷ്ട്രീയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കേസ് ചവറ സിഐ ചന്ദ്രദാസിന് കൈമാറിയത്. കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ