കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാര്‍ഥി ഗൗരിയാണ് (15 വയസ്) തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ചത്. അധ്യാപകരുടെ മാനസികപീഡനം മൂലമാണ് കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് തങ്കശേരിക്ക് സമീപത്തെ ഐസിഎസ്ഇ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. അധ്യാപികമാരുടെ മാനസികപീ‌ഡനത്തെ തുടർന്ന് കുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയെന്ന് പിതാവ് മൊഴി നൽകിയിരുന്നു. ഗൗരിയുടെ ക്ളാസ് ടീച്ചർ ക്രെസന്റ്, അനിയത്തി പഠിക്കുന്ന എട്ടാം ക്ളാസിലെ ക്ലാസ് ടീച്ചർ സിന്ധു എന്നിവർക്കെതിരെയാണ് കേസെടുത്തത്.

സ്കൂളിന്റെ മൂന്നു നിലയുള്ള പ്രൈമറി ബ്ലോക്കിന്റെ മുകളിൽ നിന്നാണ് പെൺകുട്ടി ചാടിയത്. ഉച്ചഭക്ഷണത്തിന്റെ ഇടവേള കഴിഞ്ഞ് ഒന്നരയോടെ ബെല്ലടിച്ച ശേഷമായിരുന്നു സംഭവം. അനിയത്തിയുടെ ക്ളാസിൽ കുട്ടികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ പെൺകുട്ടി ഇടവേള കിട്ടുമ്പോൾ ആ ക്ളാസിൽ എത്തുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കും പെൺകുട്ടി എത്തി ആ ക്ലാസിലെ മറ്റൊരു കുട്ടിയുമായി എന്തോ കാരണത്തിനു വഴക്കിട്ടു. ഇത് ആ ക്ളാസ് ടീച്ചർ സിന്ധു അറിയുകയും പെൺകുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു. അവിടെ വച്ച് അധ്യാപികമാരായ സിന്ധുവും ക്രെസന്റും കുട്ടിയെ വഴക്കു പറയുകയായിരുന്നെന്നാണ് പിതാവ് മൊഴി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ