കൊല്ലം: സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സ്‌കൂളിന്റെ അനാസ്ഥയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്‌യു, എസ്എഫ്‌ഐ, എബിവിപി പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇത് കൂടുതൽ സംഘർഷത്തിനിടയാക്കി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകർത്തു.

സ്കൂളിലെ അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടർന്ന് കഴിഞ്ഞ വെളളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ ഗൗരി സ്കൂൾ കെട്ടിടത്തിന്റ മൂന്നാം നിലയിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു പുലർച്ചെയോടെ മരിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് തങ്കശേരിക്ക് സമീപത്തെ ഐസിഎസ്ഇ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. ഗൗരിയുടെ ക്ളാസ് ടീച്ചർ ക്രെസന്റ്, അനിയത്തി പഠിക്കുന്ന എട്ടാം ക്ളാസിലെ ക്ലാസ് ടീച്ചർ സിന്ധു എന്നിവർക്കെതിരെയാണ് കേസെടുത്തത്. അധ്യാപികമാർ ഇപ്പോൾ ഒളിവിലാണ്.

അതിനിടെ സ്കൂളിനെതിരെ കൂടുതല്‍ പരാതികളുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. സ്‌കൂളില്‍ അധ്യാപികമാര്‍ കരണത്തടിച്ച് ശിക്ഷ നടപ്പാക്കുന്നുവെന്നാണ് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. പല വിദ്യാർഥികള്‍ക്കും സ്‌കൂള്‍ അധികൃതരില്‍ നിന്നും അധ്യാപകരില്‍ നിന്നും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ