കൊല്ലം: കുളത്തൂർപുഴയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാർ നാടുകടത്തി. ദുര്‍നടപ്പാരോപിച്ചാണ് കുടുംബത്തെ നാട്ടുകാര്‍ നാടുകടത്തിയത്. കൊല്ലത്തെ അഞ്ചല്‍ ഏരൂരിലാണ് കുടുംബം താമസിച്ചിരുന്നത്. കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടുകാർക്കും പങ്കുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടി മുന്‍പും വീട്ടില്‍ പീഡനത്തിന് ഇരയായെന്നും അതു വീട്ടുകാര്‍ മറച്ചുവച്ചുവെന്നും ആരോപണമുണ്ട്.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കുട്ടിയുടെ അമ്മയെയും കുടുംബത്തെയും അടുത്ത ജില്ലയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പൊലീസ് മാറ്റി. കുട്ടിയുടെ മൃതദേഹം വീടിനു സമീപം സംസ്കരിക്കാനും നാട്ടുകാർ അനുവദിച്ചില്ല. ദൂരെയുളള കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്കരിച്ചത്. അതേസമയം, കുട്ടിയുടെ മൃതദേഹം കാണാൻ പോലും തന്നെ അനുവദിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. നാട്ടിൽ എത്തിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പൊലീസ് നോക്കിനിൽക്കെ നാട്ടുകാർ ആക്രമിച്ചുവെന്നും അമ്മ ആരോപിച്ചു.

സെപ്റ്റംബർ 27 നാണ് ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മയുടെ അനിയത്തിയുടെ ഭർത്താവ് രാജേഷാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ