കൊല്ലം: കുളത്തൂപുഴയില്‍ ഏഴുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു നാടുകടത്തിയ കുടുംബം തിരികെയെത്തി. കിളിമാനൂരില്‍ നിന്നാണ് ഇവര്‍ കുളത്തൂപ്പുഴയിലേക്ക് തിരികെയെത്തിയത്.

പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രണ്ട് ദിവസം മുന്‍പ് ഏരൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിനു ശേഷമാണ് മരിച്ച കുട്ടിയുടെ അമ്മയും ബന്ധുക്കളും തിരികെയെത്തുന്നത്. കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസ് അന്വേഷിക്കാന്‍ ഇവര്‍ തിരികെയത്തേണ്ടതിന്റെ ആവശ്യകത നാട്ടുകാരെ ബോധ്യപ്പെടുത്താനായിരുന്നു സര്‍വ്വകക്ഷി യോഗം.

ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീട്ടമ്മയേയും ബന്ധുക്കളേയും നാട്ടുകാര്‍ നാടുകടത്തിയത്. കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വീട്ടുകാര്‍ക്കും പങ്കുണ്ടെന്നും ഇവര്‍ ദുര്‍നടത്തക്കാരാണെന്നും ആരോപിച്ചായിരുന്നു നാടുകടത്തല്‍. പോലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ കുടുംബത്തെ ആക്രമിച്ചെന്നും പ്രശ്നത്തില്‍ ജനപ്രതിനിധികള്‍ പോലും ഇടപെട്ടില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.

സെപ്റ്റംബര്‍ 27നാണ് ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. വീട്ടമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവായ രാജേഷാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

കുഞ്ഞിന്റെ മൃതദേഹം കാണാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും മൃതദേഹം വീടിന് പുറത്ത് സംസ്‌കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് ശവസംസ്‌കാരം നടന്നത്. സംഭവത്തിനു പിന്നാലെ മരിച്ച കുട്ടിയുടെ അമ്മയ്ക്കൊപ്പം സഹോദരിയേയും ബന്ധുക്കളേയും നാട്ടുകാര്‍ നാടുകടത്തുകയായിരുന്നു.

തുടര്‍ന്ന് സംഭവം അന്വേഷിച്ച് ആവശ്യമായി നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ