കൊല്ലം: വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ സിദ്ദിഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
സിദ്ദിഖിനെ ലാത്തികൊണ്ടെറിഞ്ഞ കടയ്ക്കൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന്റേതാണ് നടപടി. വാഹന പരിശോധനയിൽ പങ്കെടുത്ത മറ്റു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കും.
കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഇന്നു ഉച്ചയോടെയാണ് സംഭവം. സിദ്ദിഖ് ഹെൽമറ്റില്ലാതെയാണ് ബൈക്ക് ഓടിച്ചിരുന്നത്. വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്നാണ് ചന്ദ്രമോഹൻ ലാത്തികൊണ്ട് എറിഞ്ഞത്. ബൈക്കുമായി താഴെ വീണ സിദ്ദിഖ് എതിരെ വന്ന കാറിലിടിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. കടയ്ക്കല്‍ സ്റ്റേഷനിൽവച്ച് ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോയത്.