കൊല്ലം: ഭർതൃവീട്ടിൽ വച്ച് യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ അറസ്റ്റിലായ ഭര്‍തൃപിതാവ് ലാലിയെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. കൊല്ലപ്പെട്ട തുഷാരയെ ഭർതൃപിതാവ് ലാലിയും ക്രൂരമായ മർദനത്തിന് ഇരയാക്കിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. തുഷാരക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചതിലും ആശുപത്രിയിൽ കൊണ്ടുപോകാത്തതിലും ഇയാൾക്ക് പങ്കുണ്ടെന്ന് ഡിവൈഎസ്പി ദിൻരാജ് പറഞ്ഞു.
വീട്ടിൽ ആഹാര സാധനങ്ങൾ വാങ്ങുന്നത് ലാലിയാണ്. ഇയാൾ മറ്റ് പ്രതികൾക്കൊപ്പം തുഷാരയെ മർദിക്കുകയും മാസങ്ങളോളം ആഹാരം നൽകാതെ മാനസികമായി പീഡിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു. തുഷാര കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും മാസങ്ങളോളം അബോധാവസ്ഥയിലായപ്പോഴും ആശുപത്രിയിൽ എത്തിക്കുന്നതിന് അധികാരികളെയോ സമീപവാസികളെയോ സമീപിക്കാൻ ഇയാൾ വിസമ്മതിച്ചു.
Read: പട്ടിണിക്കിട്ട യുവതി മരിക്കുമ്പോള്‍ ഉണ്ടായിരുന്നത് വെറും 20 കിലോ; ഭര്‍ത്താവും മാതാവും അറസ്റ്റില്‍
ചെങ്കുളം പറണ്ടോട് ചരുവിളവീട്ടിൽ തുഷാരയാണ് (26) മനസിനെ മരവിപ്പിച്ച ക്രൂരതക്കൊടുവിൽ കഴിഞ്ഞ മാസം 21ന് മരിച്ചത്. ഭര്‍ത്താവ് ചന്തുലാലും മാതാവ് ഗീതാ ലാലും, പിതാവ് ലാലിയും മൃഗീയമായി പീഡനത്തിന് ഇരയാക്കുകയും പട്ടിണിക്ക് ഇടുകയും ചെയ്തതിനെ തുടര്‍ന്നാണ് തുഷാര മരിച്ചത്.
ചന്തുലാലിന്റെ സഹോദരിയും തുഷാരയെ മർദനത്തിന് ഇരയാക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സഹോദരിയെ നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും ദുര്‍മന്ത്രവാദിയുടെ ഇടപെടലും പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ പൂജാമുറിയില്‍ തുഷാരയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.
2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റേയും വിവാഹം. വിവാഹസമയത്ത് 20 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് പറയുകയും 20പവൻ നൽകുകയും ചെയ്തു. മൂന്നു മാസം കഴിഞ്ഞപ്പോൾ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. ചന്തുലാൽ താമസിച്ചിരുന്ന വീടും പറമ്പും കാറും വിറ്റതായി ബോധ്യപ്പെട്ടതോടെ തുഷാരയുടെ കുടുംബം ബാക്കി രണ്ടു ലക്ഷം രൂപ നൽകിയില്ല. ഇതിനെ തുടർന്നാണ് ചന്തുലാലും മാതാവും ചേർന്ന് തുഷാരയെ പീഡിപ്പിക്കാൻ തുടങ്ങിയത്. വീട്ടിൽ പോകാനോ വീട്ടുകാരെ ഫോണിൽ വിളിക്കാനോ തുഷാരയെ അനുവദിച്ചില്ല. സ്ത്രീധനം മാത്രമായിരുന്നോ പീഡനത്തിന് കാരണമാക്കിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Read: യുവതിയെ പട്ടിണിക്കിട്ടത് കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ, ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കേസ്
ഭക്ഷണവും ചികിത്സയും നിഷേധിച്ച തുഷാര മരിക്കുമ്പോള്‍ വെറും 20 കിലോ മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്. രണ്ട് കുട്ടികളുടെ മാതാവ് കൂടിയായിരുന്നു തുഷാര. പഞ്ചസാര വെളളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു തുഷാരയ്ക്ക് ചന്തുലാലും ഗീതയും നല്‍കിയിരുന്നത്. ആരോഗ്യനില മോശമായപ്പോൾ ആശുപത്രിയില്‍ എത്തിച്ചില്ല. കൂടാതെ ക്രൂരമായി മർദിക്കുകയും ചെയ്തു.
ബോധക്ഷയത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ് തുഷാരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ക്രൂരത പുറത്തായത്.