scorecardresearch
Latest News

കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ പ്രതി അറസ്റ്റിൽ

ഷംലയും മകനും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയശേഷം മടങ്ങി വരികയായിരുന്നു. ഭക്ഷണം കഴിക്കാനായി കാർ നിർത്തിയപ്പോൾ ഒരാൾ അവിടെ എത്തുകയും അസഭ്യം പറയുകയും ചെയ്തു

Moral police attack, kollam, kerala police, kerala news, ie malayalam

കൊല്ലം: കൊല്ലത്ത് പരവൂർ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല (44), മകന്‍ സാലു (23) എന്നിവരെ ആക്രമിച്ച സംഭവത്തിൽ ആശിഷാണ് പിടിയിലായത്. തമിഴ്നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ തെന്മലയിൽനിന്നാണ് പ്രതി പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം.

പരവൂർ തെക്കുംഭാഗം ബീച്ചില്‍ തിങ്കളാഴ്ച വൈകീട്ടാണ് ഷംലയും മകനും ആക്രമണത്തിനിരയായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയശേഷം മടങ്ങി വരികയായിരുന്നു ഇവർ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികിൽ കാർ നിർത്തിയതായിരുന്നു. ഈ സമയത്ത് പ്രതി അവിടെ എത്തി അസഭ്യം പറയുകയുകായിരുന്നു. അതിനുശേഷം കാറിന്റെ മുൻവശത്തെ ഗ്ലാസ് കമ്പി വടി ഉപയോഗിച്ച് അടിച്ചു തകർത്തു.

ഇതു ചോദ്യം ചെയ്ത സാലുവിനെ കമ്പി വടി കൊണ്ട് ഇയാൾ അടിക്കുകയും തടയാനെത്തിയ അമ്മ ഷംലയെ മർദിക്കുകയും ചെയ്തു. കൂടെയുള്ളത് അമ്മയാണെന്നു പറഞ്ഞപ്പോൾ അതിനു തെളിവ് ചോദിച്ചായിരുന്നു മർദനമെന്നു ഷംലയും സാലുവും പറഞ്ഞിരുന്നു.

സംഭവത്തിനുപിന്നാലെ ഇവർ പരവൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടർന്ന് നെടുങ്ങോലം താലൂക്കാശുപത്രിയിലും പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

പൊലീസ് ഉടൻ സംഭവ സ്ഥലത്തെത്തി എങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

ഷംലയും സാലുവും പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ഇവർക്കെതിര പ്രതി വ്യാജപരാതി നൽകിയിരുന്നു. ഷംലയും സാലുവും സഞ്ചരിച്ച കാറിടിച്ച് ആട് ചത്തെന്ന പരാതിയുമായി പ്രതിയുടെ സഹോദരി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇത് കളളപ്പരാതിയാണിതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു.

Read Also: മരംമുറി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kollam moral police attack against mother and son police case