കൊല്ലം: കൊല്ലത്ത് വിനോദയാത്രയ്ക്കു വാടകയ്ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തമിഴ്നാട്ടിൽ എത്തിയപ്പോഴാണ് ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് പുറത്തിറങ്ങിയുളള ഡ്രൈവറുടെ പ്രകടനം. കുട്ടികള്‍ക്ക് താമസസ്ഥലം ഒരുക്കിയിരുന്നതിന് സമീപത്തുള്ള ഗ്രൗണ്ടിലൂടെയാണ് ഡ്രൈവര്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചത്. ഓടുന്ന ബസിൽനിന്നിറങ്ങി ഡ്രൈവർ ബസിനൊപ്പം നടക്കുകയും കുറച്ചു സമയത്തിനുശേഷം ബസിൽ കയറുകയും അമിതവേഗത്തിൽ ഓടിച്ചു പോകുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.
ഡ്രൈവറുടെ അഭ്യാസപ്രകടനം കാണാൻ നിരവധി കുട്ടികളും അവിടെയുണ്ടായിരുന്നു. ഡ്രൈവർ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തുമ്പോൾ ഏതാനും വിദ്യാർഥികളും ബസിനകത്ത് ഉണ്ടായിരുന്നതായി സംശയമുണ്ട്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ മോട്ടോർ വാഹന വകുപ്പ് ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം സ്കൂൾ വളപ്പിൽ വിനോദയാത്രയ്ക്കു വാടകയ്ക്കെടുത്ത ബസുകളുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊലീസും മോട്ടർ വാഹന വകുപ്പും നിയമ നടപടിയെടുത്തിരുന്നു. പുത്തൂർ വെണ്ടാർ വിദ്യാധിരാജ സ്കൂളിലും അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് അഭ്യാസപ്രകടനം നടന്നത്. ഞായറാഴ്ചയാണ് വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ സംഭവം.ചൊവ്വാഴ്ചയായിരുന്നു അഞ്ചൽ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അഭ്യാസപ്രകടനം. ഹയർ സെക്കൻഡറി വിദ്യാർഥികളുമായി കൊടൈക്കനാലിലേക്കു യാത്ര തിരിക്കും മുൻപായിരുന്നു പ്രകടനങ്ങൾ.