കൊച്ചി: മോഷണം ആരോപിച്ച് യുവാവിനെ കസ്റ്റഡിയിൽ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പൊലീസുകാരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി അഞ്ച് വർഷമായി ചുരുക്കി. സെഷൻസ് കോടതി വിധിച്ച രണ്ട് ലക്ഷം പിഴയിൽ ഹൈക്കോടതി ഇടപെട്ടില്ല. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരായ വേണുഗോപാൽ, ജയകുമാർ എന്നിവരുടെ ശിക്ഷയാണ് കോടതി ചുരുക്കിയത്.

കൊല്ലണമെന്ന ഉദ്ദേശത്തോടെ ക്രൂരമായി മർദിച്ചുവെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് സെഷൻസ് കോടതി പ്രതികളെ ശിക്ഷിച്ചത്. എന്നാൽ മനഃപൂർവമല്ലാത്ത നരഹത്യയാണന്ന് കണ്ടെത്തിയാണ് കോടതി ജീവപര്യന്തം ഒഴിവാക്കിയത്. ജീവപര്യന്തം തടവ് വിധിച്ച കൊല്ലം സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിമാരായ ബി. ഹരിപ്രസാദും എൻ.അനിൽകുമാറും അടങ്ങുന്ന ഡിവിഷൻ ബഞ്ച് ശിക്ഷ ഭാഗികമായി ഇളവ് ചെയ്തത്.

കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ജീവനക്കാരനായിരുന്ന കൊട്ടാരക്കര കടംകുളം രാജ് നിവാസിൽ രാജേന്ദ്ര(37) നെയാണ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്.

ക്രൂരമായ മർദ്ദനമാണ് മരണത്തിന് കാരണമെന്നും രാജേന്ദ്രന്റെ ദേഹത്ത് 15 മുറിവുകൾ കണ്ടെത്തിയെന്നുമുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കണക്കിലെടുത്താണ് പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ചത്. 2005 ഏപ്രിൽ ആറിനാണ് രാജേന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അന്നു തന്നെ മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.