കൊല്ലം: ചിതറയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് മരിച്ച മുഹമ്മദ് ബഷീറിന്റെ സഹോദരി. മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബഷീറിന്റെ സഹോദരി അഭിസാ ബീവി പറഞ്ഞു. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തേ തര്‍ക്കം ഉണ്ടായിരുന്നു. മരച്ചീനിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ശനിയാഴ്ച്ചയും തര്‍ക്കം നടന്നു.

നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പെരിയ ഇരട്ട കൊലപാതകത്തിന് പകരമാണ് കോണ്‍ഗ്രസ് ചിതറയില്‍ കൊലപാതകം നടത്തിയതെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം. സിപിഐഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.

ചിതറ വളവുപച്ച മഹാദേവര്‍കുന്ന് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (70) ആണ് കൊല്ലപ്പെട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വളവുപച്ച കൊച്ചു കോടാനൂര്‍ മുബീനാ മന്‍സിലില്‍ ഷാജഹാനെ (60) കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തുിരുന്നു.

ശനിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. മരിച്ച ബഷീര്‍ സിപിഐ എം പ്രവര്‍ത്തകനാണ്. ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച സിപിഎം ഞായറാഴ്ച ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബഷീര്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വഴിക്ക് വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. വീട്ടിലെത്തിയ മുഹമ്മദ് ബഷീര്‍ കുളിക്കാനൊരുമ്പോള്‍ മദ്യലഹരിയില്‍ അവിടെയെത്തിയ ഷാജഹാന്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. സിപിഎം വളവുപച്ച ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീര്‍ അവിവാഹിതനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.