കൊല്ലം: അഞ്ചൽ ഏരൂരിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയതായി വ്യക്തമായി. സംഭവത്തിൽ പെൺകുട്ടിയെ കാണാതായെന്ന് പരാതി നൽകിയ ഉടനേ സ്ഥലം എസ്ഐ നടപടി എടുക്കാൻ വൈകിയെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി.

ഏരൂർ പൊലീസ് എസ്ഐ ലിസിയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി പകരം ഗോപകുമാറിനെ സ്റ്റേഷൻ ഹെഡായി നിയമിച്ച് സർക്കാർ ഉത്തരവായി. പെൺകുട്ടിയെ കാണാതായ ദിവസം സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന എസ് ഐ ലിസി അവധിയിൽ പ്രവേശിച്ചെന്ന് വ്യക്തമായതോടെയാണ് നടപടി. പരാതി ലഭിച്ച ഉടൻ നടപടി എടുക്കാതെ എസ്ഐ അവധിയിൽ പോയതിനെ നാട്ടുകാർ വിമർശിച്ചിരുന്നു.

ബുധനാഴ്ച ട്യൂഷൻ ക്ലാസിൽ പോയ പെണ്‍കുട്ടിയെയാണ് കാണാതായതായി പരാതി ഉയർന്നത്. പിന്നീട് നടന്ന തിരച്ചിലിൽ കുളത്തൂപുഴയിലെ റബർ എസ്റ്റേറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ തന്നെ കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിരുന്നു.

പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. രാജേഷിനൊപ്പമായിരുന്നു കുട്ടി ക്ലാസിൽ പോയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ