തിരുവനന്തപുരം: കൊല്ലം ബൈപാസിനെ ചൊല്ലി എംപിയും സർക്കാരും തമ്മിലുളള പോര് രൂക്ഷമായി തുടരുന്നു. ഉദ്ഘാടനതീയതി വൈകിപ്പിക്കാൻ സർക്കാർ ശ്രമിച്ചുവെന്ന എംപിയുടെ ആരോപണത്തോട് ഇന്ന് പ്രതികരിച്ച മന്ത്രി എംപിക്ക് എന്തോ തകരാറുണ്ടെന്ന് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, എം.പിയുടെ പോക്കറ്റിലിരിക്കുന്ന ആളാണോയെന്നും പദവിയില്‍ ഇരിക്കുന്നവര്‍ അതിന്റെ മര്യാദ കാണിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉദ്ഘാടന തീയ്യതി നീട്ടിന്റെ ബൈപ്പാസിന്റെ അവകാശം നേടിയെടുക്കാനുളള ശ്രമമാണ് സർക്കാർ നടത്തിയതെന്നാണ് എംപി ഇന്നലെ പറഞ്ഞത്.

എന്നാൽ എംപി നുണ പറഞ്ഞുവെന്ന് മന്ത്രി വിമർശിച്ചു. ഇത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കുന്നതല്ല. ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെ നിശ്ചയിച്ചിരുന്നു. എങ്കിലും പ്രധാനമന്ത്രി അതിനുളള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സർക്കാർ അതിനെ സ്വാഗതം  ചെയ്തു. എന്നാൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എംപി ചാടിക്കയറി പ്രഖ്യാപിച്ചത് ശരിയായില്ല.

“കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട  കാര്യങ്ങൾ എംപിയുടെ കൊക്കിൽ ഒതുങ്ങാത്ത കാര്യമാണ്. തിരഞ്ഞെടുപ്പ് കാലത്ത് പ്രേമചന്ദ്രനുണ്ടായ തന്ത്രപരമായ വീഴ്ചയാണിത്. പ്രധാനമന്ത്രി വരുന്നതായി പത്രമോഫീസുകളിൽ കത്തുകൊടുത്തതല്ലാതെ ബിജെപിക്കാർ ബൈപ്പാസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പദ്ധതിയുടെ 70 ശതമാനവും ചെയ്തത് ഇടതുസർക്കാരാണ്. അത് മനസിലാക്കി ബിജെപിയും യുഡിഎഫും മാന്യമായി പെരുമാറണം,” എന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.