ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരൻ, ശിക്ഷാവിധി 13ന്

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുമുള്ള വാദമാണ് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ ഉയർത്തിയത്

uthra, ഉത്ര, uthra murder case, sooraj, uthra murder case verdict, ഉത്ര കൊലപാതകം, ഉത്ര വധക്കേസ് വിധി, sooraj arrest, സൂരജ്, murder,snake, പാമ്പ്, kerala police, ie malayalam, ഐഇ മലയാളം

കൊല്ലം: കേരളത്തെ നടുക്കിയ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. ഒരു വർഷം നീണ്ട വിചാരണക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാ വിധി 13നു പുറപ്പെടുവിക്കും.

വിധി പ്രസ്താവത്തിന്റെ ഭാഗമായി പ്രതി സൂരജിനെ 12 മണിക്ക് പൊലീസ് കോടതിയിൽ എത്തിച്ചിരുന്നു. വിധി പ്രസ്താവത്തിനു മുൻപ് കുറ്റങ്ങള്‍ പ്രതിയെ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയെന്ന ചോദ്യത്തിന്, ഒന്നുമില്ലെന്നായിരുന്നു നിര്‍വികാരനായി പ്രതിയുടെ മറുപടി.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുമുള്ള വാദമാണ് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ ഉയർത്തിയത്. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിത്. പ്രതി ഒരു വിധത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ല. വിധി സമൂഹത്തിനു കൃത്യമായ സന്ദേശം നൽകുന്നതായിരിക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ ഉത്രയുടേത് കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗം വാദം.

വിധി കേൾക്കാൻ ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും സഹോദരൻ വിഷുവും കോടതിലെത്തിയിരുന്നു. വിധി അറിയാൻ വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.

2020 മേയ് ആറിനാണ് ഭർത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. ഏഴിനു രാവിലെ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കൽ പൊലീസ് എഴുതി തള്ളിയ കേസിൽ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്‌പിയെ സമീപിച്ചതോടെയാണ്. ജനലും വാതിലും അടച്ചിട്ട എസിയുള്ള മുറിയിൽ പാമ്പ് എങ്ങനെ കയറിയെന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമാണു കേസ്.

ഉത്തര മരിച്ചത് പാമ്പു കടിയേറ്റതു മൂലമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫോൺ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് അറസ്റ്റിലായത്.  പാമ്പാട്ടിയായ സുഹൃത്തിൽ നിന്ന് സൂരജ് കരിമൂർഖനെ പണംകൊടുത്ത് വാങ്ങിയെന്നും ഈ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചെന്നും  അന്വേഷണത്തിൽ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

കേസിൽ ആയിരത്തിലധികം പേജുള്ള കുറ്റപത്രം  അന്വേഷണ സംഘം സമർപ്പിച്ചിരുന്നു. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ടെന്നും, രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപെടലുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നു.

Also Read: യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്രാ സൗകര്യം: മലക്കപ്പാറയിലേക്ക് കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി

ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനെന്ന് ഭർത്താവ് സൂരജ് കുറ്റസമ്മത മൊഴി നൽകിയതായും അന്വേഷണ സംഘം അറിയിച്ചിരുന്നു. പിന്നീട് മാധ്യമങ്ങൾക്കു മുന്നിൽ ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് പറയുകയും ചെയ്തിരുന്നു. ജൂലൈയിൽ വനം വകുപ്പിന്റെ തെളിവെടുപ്പിനായി അടൂരിലുള്ള വീട്ടിൽ എത്തിച്ചപ്പോഴാണ് സൂരജിന്റെ തുറന്നുപറച്ചിൽ.

കൊലപാതകത്തിന് ഉപയോഗിച്ച പാമ്പിനെ നൽകിയ സുരേഷിനെ കേസിൽ മാപ്പു സാക്ഷി ആക്കിയിരുന്നു. കേസിൽ 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kollam anchal uthra murder case verdict

Next Story
യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്രാ സൗകര്യം: മലക്കപ്പാറയിലേക്ക് കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസിksrtc, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com