കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജാണ് വിധി പ്രസ്താവിച്ചത്. ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് പ്രതി ഇരട്ടജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണ് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞത്. സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്.
2020 മേയ് ആറിനാണ് ഭർത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. ഏഴിനു രാവിലെ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കൽ പൊലീസ് എഴുതി തള്ളിയ കേസിൽ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്പിയെ സമീപിച്ചതോടെയാണ്. ജനലും വാതിലും അടച്ചിട്ട എസിയുള്ള മുറിയിൽ പാമ്പ് എങ്ങനെ കയറിയെന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമാണു കേസ്.
ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനെന്ന് ഭർത്താവ് സൂരജ് കുറ്റസമ്മത മൊഴി നൽകിയിരുന്നു. പിന്നീട് മാധ്യമങ്ങൾക്കു മുന്നിൽ ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് പറയുകയും ചെയ്തിരുന്നു. ജൂലൈയിൽ വനം വകുപ്പിന്റെ തെളിവെടുപ്പിനായി അടൂരിലുള്ള വീട്ടിൽ എത്തിച്ചപ്പോഴാണ് സൂരജിന്റെ തുറന്നുപറച്ചിൽ.
Read More: ഉത്ര വധം: അപൂര്‍വതകള്‍ നിറഞ്ഞ കേസ്, കോടതിയില്‍ നിര്‍വികാരനായി പ്രതി സൂരജ്