കൊല്ലം: അഞ്ചലിൽ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തടിക്കാട് സ്വദേശികളായ അൻസാരി – ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.
കുട്ടിയെ കാണാതായതിനു പിന്നാലെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി പ്രദേശത്തെ കിണറുകളും തോടുകളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴകാരണം ഇന്നലെ നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ ആരംഭിച്ചതിനു പിന്നാലെയാണ് കുട്ടിയെ കണ്ടെത്തിയത്.
മഴയത്തും ഒന്ന് കരയാതെ കുഞ്ഞ് റബർ തോട്ടത്തിൽ തന്നെ കഴിഞ്ഞോ, അതോ ആരെങ്കിലും തട്ടികൊണ്ടുപോയ ശേഷം റബർ തോട്ടത്തിൽ ഉപേക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ എല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.
Also Read: കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്