കൊല്ലം: കരിമണല്‍ ഖനനത്തെതുടര്‍ന്ന് ഇല്ലാതായിക്കൊണ്ടിരുന്ന കൊല്ലം ആലപ്പാട് പഞ്ചായത്തിലെ പൊന്മന മേഖലയില്‍ പ്രദേശവാസികള്‍ നടത്തുന്ന സമരം 72 ദിവസത്തിലെത്തി. അതേസമയം, പൊതുമേഖലയ്ക്ക് എതിരായ നീക്കം അനുവദിക്കില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. തീരം സംരക്ഷിച്ച് ഖനനം എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
25000 വരുന്ന പ്രദേശവാസികളില്‍ ഭൂരിഭാഗവും മത്സ്യ ബന്ധനം ഉപജീവന മാര്‍ഗമാക്കിയവരാണ്. ഖനന പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കാമെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നത്. ഇതിനിടെ ആലപ്പാട് ഇനിയും ഖനനം തുടര്‍ന്നാല്‍ പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്നും സ്ഥലത്ത് കൂടുതല്‍ പഠനം നടത്തണമെന്നും വെള്ളനാതുരുത്ത് വില്ലേജ് ഓഫീസര്‍ കളക്ടര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ഒരു തുരുത്തെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് ആലപ്പാട്. കരിമണല്‍ ഖനനത്തിനെതിരെ ഇവിടുത്തുകാര്‍ ഒന്നടങ്കം സമരം തുടങ്ങിയിട്ട് നാളുകളായി. കടലെടുത്തു കൊണ്ടിരിക്കുന്ന തങ്ങളുടെ ഭൂമി അവര്‍ നിസ്സഹായരായി നോക്കി നില്‍ക്കുകയാണ്.
2017ല്‍ വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പാരിസ്ഥിതിക അനുമതി ഖനനം നടത്തിയാല്‍ ലീസ് റദ്ദാക്കാനും പിഴ ഈടാക്കാനും കഴിയും. ഖനനത്തിനായി ഭൂമി ലീസിനു നല്‍കിയ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് തങ്ങള്‍ കരമടച്ച ഭൂമി ക്രയവിക്രയം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്.