കൊല്ലം: ആലപ്പാട് വിഷയത്തെപ്പറ്റി സർക്കാരിന് നല്ല ബോധ്യമുണ്ടെന്നും വിശദമായി പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നും വ്യവസായമന്ത്രി ഇ.പി.ജയരാജൻ. രാത്രികാലങ്ങളിൽ വൻതോതിൽ കരിമണൽ കടത്തുന്നുണ്ട്. കരിമണൽ കടത്ത് തടയും കർശനമായ നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി അറിയിച്ചു.
കരിമണൽ ഖനനം പൂർണമായും നിർത്തിയതിന് ശേഷം ചർച്ച ചെയ്യാമെന്ന സർക്കാർ നിലപാടിന് മറുപടി സമരസമിതി വ്യക്തമാക്കിയിരുന്നു. വിഷയം പൊതു ഇടത്തിൽ വച്ച് ചർച്ച ചെയ്യണമെന്ന് സമരസമിതി നേതാവ് കാർത്തിക് ശശി ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും വ്യവസായ വകുപ്പ് മുൻകൈ എടുക്കുമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമരസമിതി നിലപാട് വ്യക്തമാക്കിയത്.
സർക്കാർ ആലപ്പാട് നിവാസികളെ വിശ്വാസത്തിലെടുക്കെണമെന്നും സർക്കാരിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നെന്നും സമരസമിതി പറഞ്ഞു. എന്നാൽ ഉപാധികൾ മുന്നോട്ട്‌വച്ചു മാത്രമേ ചർച്ചയ്ക്കുള്ളു എന്ന നിലപാട് സമരസമിതി മാറ്റണമെന്ന് കരുനാഗപ്പള്ളി എംഎൽഎ ആർ. രാമചന്ദ്രൻ പറഞ്ഞു. ഉപാധികൾ സർക്കാർ മുന്നോട്ട്‌വയ്ക്കാൻ സാധ്യതയില്ലെന്നും ഒരു പ്രശ്‌നം ഉയർന്നുവന്നാൽ എല്ലാ വശങ്ങളും ചർച്ച ചെയ്‌ത് സമവായം കണ്ടെത്താൻ ശ്രമിക്കണമെന്നും രാമചന്ദ്രൻ പറഞ്ഞു.