കൊല്ലം: കൊല്ലം ചവറയിലുണ്ടായ വാഹനാപകടത്തിൽ നാലു മത്സ്യത്തൊഴിലാളികൾ മരിച്ചു. 24 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച മിനി ബസും മീൻവണ്ടിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ദേശീയപാതയിൽ ചവറ ഇടപ്പള്ളികോട്ടക്ക് സമീപം രാത്രി 12.30 ന് ശേഷമായിരുന്നു അപകടം.
തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം, ബർക്കുമൻസ് , വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ, തമിഴ്നാട് മാർത്താണ്ഡം സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി, മാർത്താണ്ഡം സ്വദേശി വർഗ്ഗീസ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ 22 പേർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.
പുല്ലുവിളയിൽനിന്ന് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോവുകയായിരുന്നു മിനി ബസ്. തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ വാനിൽ മിനി ബസ് ഇടിക്കുകയായിരുന്നു. മിനി ബസിൽ ഡ്രൈവർ ഉൾപ്പെടെ 35 പേരുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
Read More: ഒമിക്രോൺ കേസുകൾ വർധിക്കുന്നു: വ്യാഴാഴ്ച മുതൽ കർശന പൊലീസ് പരിശോധന