ന്യൂഡൽഹി: കോലഞ്ചേരി പള്ളിത്തർക്കത്തിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി. പള്ളി ഭരണം സംബന്ധിച്ച് 1934 മലങ്കര ഓർത്തഡോക്സ് സഭയുടെ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.

1913 ലെ ഉടമ്പടി പാലിക്കണമെന്നായിരുന്നു യാക്കോബായ സഭ നൽകിയ ഹർജിയിലെ ആവശ്യം. ഇതോടെ 1934 ലെ ഭരണഘടന അനുസരിച്ച് മലങ്കര പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടു കൊടുക്കേണ്ടി വരും. ഇക്കാര്യത്തിൽ 1995 ലെ സുപ്രീം കോടതി വിധിയേ നില നില്‍ക്കു എന്നും 2002 ല്‍ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നില നില്‍ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

1995 ല്‍ സമാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നെങ്കിലും, വിധിയിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ സഭ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പതിറ്റാണ്ടുകളായി കോലഞ്ചേരി പള്ളി വിഷയത്തിൽ യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും തർക്കത്തിലാണ്. അന്തിമ വിധി വരും വരെ ആരാധന നടത്താന്‍ ഒരുപോലെ സൗകര്യം കിട്ടുന്ന രീതിയില്‍ ക്രമം കോടതി നിർദ്ദേശിച്ചിരുന്നു.

കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ 80 ശതമാനത്തോളം വരുന്ന വിശ്വാസികളെ 20 ശതമാനം വരുന്നവര്‍ ഭരിക്കുന്നെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്. പുതിയ വിധി വന്നതോടെ കോലഞ്ചേരി, മണ്ണന്തൂര്‍ പള്ളികള്‍ യാക്കോബായ സഭ, ഓർത്തഡോക്സ് സഭയ്ക്ക് വിട്ടു കൊടുക്കേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ