കൊച്ചി: കൊടുവള്ളി നിയമസഭാ മണ്ഡലത്തിലെ സിപിഎം എംഎൽഎ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. എതിർ സ്ഥാനാർത്ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി തോജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിർമ്മിച്ച് പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. കൊടുവള്ളിയിലെ വോട്ടർമാരായ കെ.പി.മുഹമ്മദ്, മുഹമ്മദ് കുഞ്ഞി വിധി എന്നിവരുടെ പരാതിയിലാണ് ഉത്തരവ്.

വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി 30 ദിവസത്തെ സ്റ്റേ അനുവദിച്ചു. കാരാട്ട് റസാഖിന് സുപ്രീം കോടതിയെ സമീപിക്കുന്നതിനാണ് സാവകാശം അനുവദിച്ചത്. അതുവരെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. പക്ഷേ ആനുകൂല്യം സ്വീകരിക്കാനോ വോട്ട് ചെയ്യാനോ പാടില്ല. അതേസമയം, എതിർ സ്ഥാനാർത്ഥിയായിരുന്ന മുസ്‌ലിം ലീഗിന്റെ എം.എ.റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

എം.എ.റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്യുന്ന വീഡിയോ തയ്യാറാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നായിരുന്നു പരാതിക്കാർ ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
2005 ൽ പഞ്ചായത്ത് ജനപ്രതിനിധിയായിരുന്ന സമയത്ത് റസാഖ് മാസ്റ്റർക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. കോടതിയിൽ ഈ കേസ് എത്തിയെങ്കിലും റസാഖ് മാസ്റ്റർക്ക് അനുകൂലമായാണ് വിധി വന്നത്. 10 വർഷങ്ങൾക്ക് മുൻപ് നടന്ന അഴിമതി ആരോപണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് കോടതിക്ക് ബോധ്യമായത്.

തിരഞ്ഞെടുപ്പ് വേളയിൽ എതിർകക്ഷികൾ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. ഒരു ജനപ്രതിനിധി ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും തിരഞ്ഞടുപ്പ് അഴിമതിയായി ഇതിനെ കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

കൊടുവള്ളിയിൽനിന്നും എൽഡിഎഫ് സ്വതന്ത്രനായാണ് കാരാട്ട് റസാഖ് ജയിച്ചത്. 573 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു റസാഖിന്റെ ജയം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ