തൃശ്ശൂർ: കൊടുങ്ങല്ലൂർ തെക്കേനടയിൽ 23 ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മനുഷ്യക്കടത്ത് സംഘത്തിന്റേതാണ് ബാഗുകളെന്നാണ് സംശയം. വസ്ത്രങ്ങളും മരുന്നുകളുമാണ് ബാഗിലുള്ളത്. മുനമ്പത്തുനിന്ന് മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, മുനമ്പത്തുനിന്നും ബോട്ടിൽ കടന്നവർക്കായി നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിൽ ഊർജിതമാക്കി. ‘ദയാമാത’ എന്ന ബോട്ടിന് വേണ്ടിയാണ് പുറംകടലിൽ തിരച്ചിൽ നടത്തുന്നത്. സംഘം ഇന്ത്യൻ അതിർത്തി വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്.

മുനമ്പത്തുനിന്ന് മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയിലേക്ക് കടൽ മാർഗം പോയത് 15 കുടുംബങ്ങളാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ ശ്രീലങ്കൻ അഭയാർത്ഥികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിൽ 41 പേർ ഉണ്ടായിരുന്നു. ഇവർ ഉപേക്ഷിച്ച ബാഗുകളിലൊന്നിൽ നിന്ന് രണ്ട് സ്വർണ്ണവളകളും കോസ്റ്റൽ പൊലീസ് സംഘത്തിന് ലഭിച്ചു.

സംഘം ചെറായിയിൽ നിന്ന് 12000 ലിറ്റർ ഇന്ധനം നിറച്ചതായാണ് ലഭിക്കുന്ന വിവരം. ഇതിന് പത്ത് ലക്ഷം രൂപ മുടക്കിയതായി കോസ്റ്റൽ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. കുടിവെളളം സംഭരിക്കുന്നതിനായി അഞ്ച് വലിയ ടാങ്കുകൾ ഇവർ ശേഖരിച്ചു.  സംഘത്തിൽ നാല് ഗർഭിണികളും നവജാത ശിശുവും സ്ത്രീകളും ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്.

ഡൽഹിയിൽ നിന്നെത്തിയവരാണ് ഓസ്ട്രേലിയയിലേക്ക് കടന്നതെന്നാണ് സംശയം. ഇവർ, ചെറായി ബീച്ചിലെ ആറ് ഹോം സ്റ്റേകളിൽ ഒരാഴ്ചയോളം താമസിച്ചിരുന്നു. ജനുവരി അഞ്ചിനാണ് ഇവർ ചെറായിയിൽ എത്തിയത്. ചെറായി ബീച്ചിൽ ലോഡ്ജുകളും ഹോം സ്റ്റേകളുമായി ആറിടത്തായാണ് 41 പേരും താമസിച്ചത്. ജനുവരി 12 ന് പുലർച്ചെയാണ് ഇവർ താമസം മതിയാക്കി പോയത്. ന്യൂഡൽഹിയിൽ നിന്ന് അനുവദിച്ച ഇന്ത്യൻ പാസ്പോർട്ടാണ് താമസത്തിന് വേണ്ടി ഹാജരാക്കിയത്. ചിലർ ആധാർ കാർഡും ഹാജരാക്കി. ഇവയെല്ലാം വ്യാജമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ശ്രീലങ്കൻ അഭയാർത്ഥികളാകാം എന്ന സംശയത്തിലാണ് പൊലീസ്. ചെന്നൈയിൽ നിന്ന് ഇവർക്ക് സഹായം ലഭിച്ചിരിക്കാമെന്നും  പൊലീസിന് സംശയം ഉണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ