തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് രാജ്യത്താകെ ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയത കേരളത്തിലും നടത്താനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ലക്ഷ്യം വെച്ചുകൊണ്ടാണ് ബിജെപി സര്‍വ്വ സന്നാഹങ്ങളോടുകൂടി കേരളത്തില്‍ ഇപ്പോള്‍ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ബിജെപി നേതൃത്വത്തില്‍ നടന്നുവരുന്ന യാത്ര കേരളത്തെ കുറിച്ച് തെറ്റായ ചിത്രം രാജ്യത്തിന് മുമ്പില്‍ നല്‍കുന്നതിനുള്ള ഒരു പ്രചാരണ പരിപാടിയാണ്. കേരളം ഭീകരവാദികളുടെ നാടാണെന്നും ജിഹാദികളുടെ താവളമാണെന്നും പ്രചരിപ്പിക്കാനാണ് ഇത്തരം ഒരു പരിപാടി നടത്താന്‍ അമിത് ഷായും യോഗി അദിത്യനാഥും കേരളത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത്’, കോടിയേരി കുറ്റപ്പെടുത്തി.
‘എന്നാല്‍, ഇതേ സമയത്ത് തന്നെയാണ് രാഷ്‌ട്രപതി കൊല്ലത്ത് പ്രസംഗം നടത്തിയത്. ബിജെപി നടത്തുന്ന പ്രചാരണത്തിന് രാഷ്ട്രപതിയുടെ പ്രസംഗം ഒരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. കേരളം ഇന്ത്യക്ക് മാതൃകയാണെന്നും മതപരമായ സഹിഷ്‌ണുതയുള്ള സംസ്ഥാനമാണെന്നും വിവിധ മേഖലകളില്‍ കേരളം പുരോഗതി നേടിയിട്ടുണ്ടെന്നുമാണ്‌ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പ്രസംഗിക്കുകയുണ്ടായത്. ആര്‍എസ്എസ് കേരളത്തെ കുറിച്ച് പറഞ്ഞതിനുള്ള മറുപടിയാണി പ്രസംഗം’, കോടിയേരി കൂട്ടിച്ചേര്‍ത്തു.

‘തെറ്റായ പ്രചാരണങ്ങള്‍ നടത്തി സംസ്ഥാനത്തെ രാജ്യത്തിന് മുന്നില്‍ ഇകഴ്‌ത്തി കാണിക്കാനും സിപിഐ എമ്മിനെതിരെ കോലാഹലങ്ങള്‍ സൃഷ്‌ടിക്കാനും ബിജെപി നടത്തുന്ന പ്രചാരണം കേരളത്തില്‍ വിലപ്പോവില്ല. ആര്‍എസ്എസിന്റെ വെല്ലുവിളി നേരിടാന്‍ കേരളം സജ്ജമാണ്. ആര്‍എസ്എസിന് കേരളത്തിനകത്ത് കടക്കാന്‍ അവസരം നല്‍കില്ല. ഇതിനുമുമ്പ് കേരളം അതിന് അവസരം കൊടുത്തിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കുമെന്ന് പറഞ്ഞ് പുറപ്പെട്ട ആര്‍എസ്എസിന് മുന്‍കാലത്തെ അവസ്ഥ തന്നെയായിരിക്കും ഉണ്ടാകുക’, കോടിയേരി വ്യക്തമാക്കി.

കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും, സംസ്ഥാനത്തെ മതസൗഹാർദം മറ്റുള്ളവർക്ക് മാതൃകയാണെന്നും ആണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വ്യക്തമാക്കിയത്. മാതാ അമൃതാനന്ദമയീമഠം നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.