തിരുവനന്തപുരം: ഇന്ത്യന്‍ സേനയെ താന്‍ അപമാനിച്ചുവെന്ന തരത്തിലുള്ള പ്രചരണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നുണപ്രചരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാശ്മീരിലും നാഗാലാൻഡിലും മണിപ്പൂരിലും പ്രയോഗിക്കുന്ന പട്ടാളനിയമമായ ‘അഫ്സ്പ’ കേരളത്തിലും നടപ്പിലാക്കണമെന്ന് വാദിക്കുന്ന ആർ എസ് എസ് നിലപാടിനെയാണ് താൻ എതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

“കണ്ണൂരിൽ അത്തരം കരിനിയമം പ്രയോഗിക്കേണ്ട ഒരാവശ്യവുമില്ല. ‘അഫ്സ്പ’യെ എതിർത്താൽ സൈന്യത്തെ എതിർക്കലാണ് എന്ന വ്യാഖ്യാനം സംഘപരിവാർ ഗൂഡാലോചനയുടെ ഉൽപ്പന്നമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

“ന്യൂനപക്ഷ സാംസ്കാരിക സമിതികളുടെ ജില്ലാ കോ ഓഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച “മുഖ്യധാരാ രാഷ്ട്രീയവും മുസ്ലീം ന്യൂനപക്ഷങ്ങളും” എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോൾ ആ പ്രസംഗത്തിലെ ചില വരികൾ അടർത്തിയെടുത്താണ് ചില മാധ്യമങ്ങളും സംഘപരിവാർ പ്രവർത്തകരും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബി ജെ പി പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ഒരു വ്യാജവീഡിയോ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ച്, സിപിഐ എം പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനമെന്ന് ആരോപിച്ച് പ്രചരിപ്പിച്ചിരുന്നു. സംഘികൾ ആ നുണപ്രചരണം ഏറ്റെടുത്ത് പൊലിപ്പിച്ചു. നിയമ നടപടിയുണ്ടാവുന്ന ഘട്ടമായപ്പോൾ കുമ്മനം രാജശേഖരൻ പ്രസ്തുത ആരോപണത്തിൽ നിന്ന് പിൻമാറി.

അതുപോലെയാണ് ചില മാധ്യമങ്ങളുടെ സഹകരണത്തോടെ സംഘികൾ നടത്തുന്ന ഈ പ്രചരണവും. പച്ചക്കള്ളമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പടച്ചുവിടുന്നത്. ഇത് ആർ എസ് എസ് രീതിശാസ്ത്രമാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇത്തരം ആസൂത്രിത കുപ്രചരണങ്ങൾ ആരും വിശ്വസിക്കരുത്. ഇത് പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാൻ സഖാക്കളും സുഹൃത്തുക്കളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ