തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാർ പുറത്തിറക്കിയ വിജ്ഞാപനം രാജ്യമാകെ മനുസ്മൃതി നടപ്പിലാക്കുമെന്ന വിളംബരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. “കേന്ദ്രപരിസ്ഥിതി മന്ത്രാലയം അസാധാരണ ഗസറ്റായി പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ കന്നുകാലി വില്‍പ്പനക്കും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കയാണ്. കന്നുകാലികളുടെ സംസ്ഥാനാന്തര വില്‍പ്പന നിരോധിച്ചിരിക്കുന്ന ഉത്തരവിലൂടെ ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

റംസാനെ സ്വീകരിക്കാൻ രാജ്യത്തെ ജനത ഒരുങ്ങി നിൽക്കുമ്പോഴാണ് ആർ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രിയും കൂട്ടരും ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കുമ്പോഴുള്ള ഈ നടപടി, വരാനിരിക്കുന്ന വർഗീയ വിധ്വംസക നടപടികളുടെ കേളികൊട്ടാണെന്നും കോടിയേരി ആശങ്ക പ്രകടിപ്പിച്ചു,

വർഗീയമായ ചേരിതിരിവുണ്ടാക്കാനും സമൂഹത്തിൽ മതസ്പർദ്ധ വർദ്ധിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള ഉത്തരവുകളിലൂടെ സംഘപരിവാരം നിയന്ത്രിക്കുന്ന കേന്ദ്രഭരണകൂടം ലക്ഷ്യമിടുന്നത്. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതികരണവുമായി മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Read More: ബിജെപിയും മാംസവും; തീന്‍മേശയിലെ രാഷ്ട്രീയം

രാജ്യത്തെ കന്നുകാലി കശാപ്പ് കേന്ദ്രങ്ങള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കന്നുകാലി കശാപ്പിന് കാലികളെ വില്‍ക്കുന്നത് നിരോധിച്ച് കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ഉത്തരവ്. കാള, പശു, പോത്ത്, ഒട്ടകം എന്നിവയുടെ വിപണനത്തിനാണ് നിരോധനം. ഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്രത്തിന്റെ ഉത്തരവ്.

കാലികളുടെ വിൽപ്പന കാർഷിക ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയാണ് ഉത്തരവ്. കന്നുകാലികളെ വാങ്ങുന്നത് കശാപ്പിനല്ലെന്ന് വിപണന കേന്ദ്രങ്ങൾ ഉറപ്പുനൽകണം. ലക്ഷക്കണക്കിന് കന്നുകാലി കര്‍ഷകരെ ബാധിക്കുന്ന പുതിയ ഉത്തരവ് കാലികളുടെ പേരില്‍ നിരന്തരം വേട്ടയാടലിന് ഇരയാവുന്ന മുസ്ലിം കച്ചവടക്കാരെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. സംസ്ഥാന അതിർത്തിയുടെ 25 കിലോമീറ്റർ ചുറ്റളവിൽ കാലിച്ചന്തകൾ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ