തിരുവനന്തപുരം: കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അപലപനീയമാണെന്നും കൊലപാതകവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകർ ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കും. പൊലീസ് യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. അതിൽ യാതൊരു വിധ ഇടപെടലും ഉണ്ടാവുകയില്ലെന്നും കോടിയേരി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

അതിനിടെ, ഷുഹൈബിന്റെ കൊലപാതകത്തെ വി.എസ്. അച്യുതാനന്ദന്‍ അപലപിച്ചു. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വിഎസ് പറഞ്ഞു.

ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിൽ 5 പേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ ആകാശ്, റിജിൻ എന്നിവർ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇനി പിടിയിലാവാൻ ഉളളവരിൽ രണ്ടുപേർ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളാണ്. മറ്റൊരാൾ കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഗണർ കാർ ഓടിച്ചിരുന്ന ഡ്രൈവറാണ്.

അതേസമയം, ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഎം പ്രാദേശിക നേതൃത്വത്തിന് അറിവുണ്ടായിരുന്നുവെന്നാണ് സൂചന. പിടിയിലാകാനുളളവർ പാർട്ടി ഗ്രാമങ്ങളിൽ ഒളിവിലാണെന്നും വിവരമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ