കൊല്ലം: കാസര്‍ഗോഡ് ഇരട്ട കൊലപാതകകേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പീതാംബരന്റെ കുടുംബത്തെ തള്ളി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകം നടത്തിയതെന്ന് പീതാംബരന്‍ ഭാര്യയോട് പറഞ്ഞതായിരിക്കുമെന്നും കേസില്‍ പെട്ടതിന്റെ വിഷമത്തിലാകും അങ്ങനെ പറഞ്ഞതെന്നും കോടിയേരി പറഞ്ഞു.

കേസില്‍ പീതാംബരനെ അറസ്റ്റ് ചെയ്തതിന്റെ വിഷമത്തിലാകാം ഭാര്യ അങ്ങനെ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങനൊരു തീരുമാനമില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ ധരിക്കുന്നത് അത് പാര്‍ട്ടി തീരുമാനമാണെന്നാണ്. എന്നാല്‍ അവരല്ല പാര്‍ട്ടിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരന്‍ എന്നും നേരത്തെ നടന്ന അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്കു വേണ്ടിയാണെന്ന് ഭാര്യ മഞ്ജു പറഞ്ഞിരുന്നു. കാര്യം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി പീതാംബരനെ തള്ളിപ്പറയുകയാണെന്നും ഭാര്യയും മകള്‍ ദേവികയും പറയുന്നു. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ പീതാംബരനെ തള്ളിപ്പറയുന്നതെന്നും മകള്‍ ദേവിക പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ പീതാംബരന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ചൊവ്വാഴ്ചയാണ് പൊലീസ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തില്‍ തനിക്ക് നേരിട്ടു പങ്കുണ്ടെന്ന് പീതാംബരന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൃപേഷിനെ തലയ്ക്കു വെട്ടിയത് താനാണെന്നും തന്നെ ആക്രമിച്ചതിന്റെ ദേഷ്യം കൊണ്ടാണ് കൊല ചെയ്തതെന്നും പീതാംബരന്‍ പറഞ്ഞു.

ഇവര്‍ തന്നെ ആക്രമിച്ച കാര്യം പാര്‍ട്ടിയില്‍ പരാതിപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി കാര്യമായി ഒന്നും ചെയ്തില്ലെന്നും ഒരു ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ലെന്നും ഈ അപമാനം സഹിക്കാനാകാതെയാണ് താന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ പൊലീസിന് മൊഴി നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.