scorecardresearch
Latest News

പി.ജയരാജനെതിരായ കേസ്: ബിജെപി-കോൺഗ്രസ് ഒത്തുകളിയെന്ന് കോടിയേരി

ഇലക്ഷനടുത്ത് വരുമ്പോൾ പരാജയഭീതിമൂലം നടത്തുന്ന കോപ്രായങ്ങളാണെന്നും കോടിയേരി

kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, iemalayalam, ഐ ഇ മലയാളം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള രാഷ്ട്രീയ ഒത്തുകളിയാണ് ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണൻ. സിബിഐ നടപടിക്ക് പിന്നിൽ ബിജെപിയും കോൺഗ്രസുമാണെന്നും അദ്ദേഹം പറഞ്ഞു.

തെളിവുകളില്ലാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. സി.ബി.ഐ യെ ദുരുപയോഗം ചെയ്തതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റും ആരോപിച്ചു.

തലശേരി കോടതിയിലാണ് കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജനെയും ടിവി രാജേഷ് എംഎൽഎയെയും കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

“ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയിലാണ് പി ജയരാജനെയും ടി വി രാജേഷിനെയും പ്രതികളാക്കിയത്. 2012 ൽ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ ഇരുവരും ഗൂഢാലോചന നടത്തിയതായി പറഞ്ഞിട്ടില്ല. ഗൂഢാലോചന തെളിയിക്കുന്ന പുതിയ തെളിവുകളൊന്നും സിബിഐയ്ക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല,” അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2012 ഫെബ്രുവരി 20നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട സി പി എം ഓഫിസ് സന്ദർശിച്ച് പി.ജയരാജനും ടി.വി.രാജേഷും മടങ്ങും വഴി മുസ്ലിം ലീഗ് പ്രവർത്തകർ ഇവരുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമാണ് ഷുക്കൂർ വധത്തിൽ എത്തിയതെന്നാണ് കേസ്. ഷുക്കൂറിനെ കൊലപ്പെടുത്തുമെന്നറിഞ്ഞിട്ടും സംഭവം മറച്ചുവെച്ചെന്നാണ് ജയരാജനെതിരെയും രാജേഷിനെതിരെയും ചുമത്തിയിരിക്കുന്നത്.

രണ്ട് ലീഗ് പ്രവര്‍ത്തകരെ സാക്ഷികളാക്കിയാണ് ഐ.പി.സി 118ാം വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേരള പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും പുതിയ തെളിവുകളോ, സാക്ഷികളോ ഇല്ലാതെയാണ് സി.ബി.ഐ ഇത്തരം നീക്കം നടത്തിയതെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kodiyeri on shukkoor murder case p jayarajan tv rajesh