തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന് സിപിഎമ്മിന്റെ പിന്തുണ. ബിനോയിയുടെ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം. കോടിയേരി രാജിവയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വവും വ്യക്തമാക്കി. പാര്‍ട്ടി ബിനോയിയുടെ വിഷയത്തില്‍ ഇടപെടില്ലെന്നും വ്യക്തിപരമായി പ്രശ്‌നങ്ങള്‍ തീര്‍ക്കട്ടെ എന്നും സിപിഎം നിലപാടെടുത്തു.
Read Also: കോടിയേരി പടിയിറങ്ങുമോ?; രാജി സന്നദ്ധത അറിയിച്ച കാര്യം അറിയില്ലെന്ന് കേന്ദ്ര നേതൃത്വം
ഈ വിഷയത്തിന്റെ പേരില്‍ കോടിയേരി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വവും പറയുന്നത്. പാര്‍ട്ടി എന്ന നിലയില്‍ ബിനോയ് കോടിയേരിയുടെ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും പാര്‍ട്ടി യാതൊരു പിന്തുണയും നല്‍കില്ലെന്നും കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കി. ബിനോയിയുമായി ബന്ധപ്പെട്ട കേസ് വ്യക്തിപരമെന്നാണ് കോടിയേരി പറയുന്നത്. വ്യക്തിപരമായി തന്നെ ബിനോയി പ്രശ്‌നം പരിഹരിക്കട്ടെ എന്നും കോടിയേരി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വം വ്യക്തതയുമായി രംഗത്തെത്തിയത്. കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ രാജിവച്ചാല്‍ അത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
Read Also: ‘എന്ത് വീഴ്ച?’; തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് പി.കെ.ശ്യാമള
മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും മുൻപേയാണ് കൂടിക്കാഴ്ച. ബിനോയ് കോടിയേരിക്കെതിരായ കേസ് അടക്കം മുഖ്യമന്ത്രിയുമായി കോടിയേരി ചര്‍ച്ച ചെയ്തതായാണ് സൂചന.
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നത്. ബിനോയ് കോടിയേരിക്കെതിരായ കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.