കൊച്ചി: കൊച്ചിയില്‍ ചലച്ചിത്ര നടിയെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ ഒരു പ്രതി ആര്‍എസ്എസുകാരനെന്ന് സിപിഐം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു പ്രതി ആര്‍.എസ്.എസുകാരനായതിനാലാണ് ബി.ജെ.പി കേസ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കൊച്ചി വൈറ്റിലയില്‍ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊട്ടേഷന്‍ എടുത്തവരും കൊടുത്തവരും ശിക്ഷിക്കപ്പെടും. സംഭവം നടന്ന് അധികം താമസിയാതെ തന്നെ പ്രതികളെയെല്ലാം തിരിച്ചറിയാന്‍ സാധിച്ചത് അന്വേഷണത്തിന്റെ വിജയമാണ്. സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തണ്ട കാര്യമില്ല. സംഭവത്തിന് ഉത്തരവാദികള്‍ ആരായാലും ഏത് പാര്‍ട്ടിക്കാരനായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഗുണ്ടകളെയും കൊട്ടേഷന്‍ സംഘങ്ങളെയും അമര്‍ച്ചചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. എല്‍.ഡി.എഫ് ഭരണകാലത്ത് സ്ത്രീകളുടെ സുരക്ഷക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്. ഇടതു സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ട് മാത്രമാണ് നടി പരാതി നല്‍കാന്‍ ധൈര്യപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ