കണ്ണൂര്‍:കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്നത്തില്‍പോലും കരുതാത്തതാണ് വേണ്ടിവന്നത്. അനുസ്മരണസമ്മേളനത്തില്‍ പ്രസംഗം പൂര്‍ത്തിയാക്കാതെ മുഖ്യമന്ത്രി വിങ്ങിപ്പൊട്ടി. ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ലോ?. വല്ലാത്ത അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് സംഭവിച്ചിരുന്നു. നല്ല പ്രതീക്ഷയോടെയാണ് ചികിത്സതുടങ്ങിയത്. ശരീരത്തിന്റെ അവസ്ഥ വലിയ അപകടകരമായിരുന്നു. പരമാവധി ശ്രമം നടത്തി. എല്ലാവരോടും ഈ ഘട്ടത്തില്‍ നന്ദി പറയുന്നു. അപ്പോളോ ആശുപത്രിയിലെത്തിയപ്പോള്‍ വലിയ പരിചരണമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ വളരെ ആരോഗ്യകരമായ നിലപാടാണ് സ്വീകരിച്ചത്. മനുഷ്യനന്മ പൂര്‍ണമായി അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കും വിധം ഒരുതരത്തിലും കലവറിയില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് കണ്ടത്. സിപിഎമ്മിന്റെ താങ്ങാനാവാത്ത ഈ നഷ്ടത്തില്‍ ശരിയായ രീതിയില്‍ തന്നെ ആ വേദന ഉള്‍ക്കൊണ്ടുകൊണ്ട് ഒരു പക്ഷം എന്ന നിലയില്ലാതെ തന്നെ കേരളത്തിലെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും കോടിയേരിയുടെ ചരമത്തില്‍ മുന്നോട്ടുവന്നു. ഇതും ഇന്നത്തെ കാലത്തില്‍ എറെ പ്രാധാന്യമുള്ളതാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങളുടെ ഈ വലിയ നഷ്ടത്തില്‍ ഞങ്ങളോടൊപ്പം പങ്കുചേര്‍ന്നുകൊണ്ട് ദുഃഖിക്കാന്‍ തയ്യാറായ എല്ലാവരോടും ഈ ഘട്ടത്തില്‍ നന്ദി അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെയാണ് ഞങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാറുള്ളതാണെങ്കിലും ഇത് പെട്ടന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പാര്‍ട്ടി സഖാക്കള്‍ക്ക്, പാര്‍ട്ടി ബന്ധുക്കള്‍ക്ക്, പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കാനുള്ളത് ഒരുറപ്പ് മാത്രമാണ്. ഈ നഷ്ടം വലുതാണ്. പക്ഷെ ഞങ്ങള്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ…എന്ന് തുടങ്ങിയ മുഖ്യമന്ത്രി പ്രസംഗം മുഴുവിപ്പിക്കാതെ അവസാനിപ്പിച്ചു.