/indian-express-malayalam/media/media_files/uploads/2017/09/kodiyeri.jpg)
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പോകുന്നു. ചികിത്സയുടെ ഭാഗമായി വിദേശത്തേക്ക് പോകുന്നതിനാലാണ് കോടിയേരി അവധിയിൽ പ്രവേശിക്കുന്നത്. ഈ സാഹചര്യത്തിൽ സിപിഎം പുതിയ പാർട്ടി സെക്രട്ടറിയെ നിയമിക്കും. അവധി അപേക്ഷ കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് നൽകിയെന്നാണ് റിപ്പോർട്ട്. ഇതിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും.
അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി കോടിയേരി ബാലകൃഷ്ണൻ പാർട്ടിപ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നു. വിദഗ്ധ ചികിത്സ ഇനിയും തുടരേണ്ട സാഹചര്യത്തിലാണ് അവധി അപേക്ഷ നൽകിയിരിക്കുന്നത്.
സെക്രട്ടറി സ്ഥാനത്തേക്ക് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിമാരുമായ ഡോ.ടി.എം തോമസ് ഐസക്ക്, ഇ.പി.ജയരാജൻ എന്നിവരിൽ ആരെയെങ്കിലും ഒരാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന.
തോമസ് ഐസക്ക്, ഇ.പി.ജയരാജൻ എന്നിവരിൽ ഒരാളെയാണ് പാർട്ടി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിൽ മന്ത്രിസഭാ പുഃനസംഘടനയുമുണ്ടാകും. ഇക്കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടുകളും നിർണായകമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.