scorecardresearch

'എണ്ണം കൂടിയിട്ടേയുള്ളൂ, ഒട്ടും കുറഞ്ഞിട്ടില്ല'; എസ്എഫ്‌ഐ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്‌ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് കോടിയേരി

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്‌ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് കോടിയേരി

author-image
WebDesk
New Update
'എണ്ണം കൂടിയിട്ടേയുള്ളൂ, ഒട്ടും കുറഞ്ഞിട്ടില്ല'; എസ്എഫ്‌ഐ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്‌ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് കോടിയേരി വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി.ഭാസ്‌കര്‍ എസ്എഫ്‌ഐക്കെതിരെ നടത്തിയ പ്രസ്താവനയെയും കോടിയേരി ചോദ്യം ചെയ്തു.

Advertisment

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് എ.കെ.ജി. സെന്ററിൽ നിന്നിറങ്ങി യൂണിവേഴ്‌സിറ്റി കോളേജിലെ ക്ലാസ് മുറിയിലെത്തി, കോടിയേരി ബാലകൃഷ്ണന്‍ 'താണ്ഡവമാടി'യതായി ബി.ആർ.പി.ഭാസ്കർ എഴുതിയിരുന്നു. ഇതിനെതിരെയാണ് കോടിയേരി പ്രതികരിച്ചത്. ആ കാലത്ത്, യൂണിവേഴ്‌സിറ്റി കോളേജ് പൂട്ടി അവിടം പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഢ അജന്‍ഡയുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. ആ നീക്കത്തിനെതിരെ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളായ, മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി. കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.

യൂണിവേഴ്സിറ്റി കോളേജിനുവേണ്ടി സമരംചെയ്ത വിദ്യാര്‍ഥികളെ ക്യാമ്പസിനുള്ളില്‍ കയറി പൊലീസ് ക്രൂരമായി വേട്ടയാടി. കലാലയം രക്തക്കളമാക്കിയപ്പോള്‍ അത് തടയാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെ ജനകീയ ഇടപെടലില്‍ താനും ടി.ശിവദാസമേനോനും നേതൃപരമായ പങ്കുവഹിച്ചിരുന്നു എന്ന് കോടിയേരി പറയുന്നു.

വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അറിഞ്ഞിട്ടും അത് തടയാതെ, ആ വിഷയത്തില്‍ ഇടപെടാതെ ഇരിക്കലാണോ മനുഷ്യാവകാശസംരക്ഷണമെന്ന് കോടിയേരി ചോദിക്കുന്നു. അന്ന് പൊലീസ് വേട്ടയ്‌ക്കെതിരെ ഇടപെടല്‍ നടത്തിയത് എങ്ങനെയാണ് 'താണ്ഡവ'മായി മാറുന്നത്? യൂണിവേഴ്‌സിറ്റി കോളേജ് അടച്ചുപൂട്ടാന്‍ ഉമ്മന്‍ചാണ്ടി, ആന്റണി സര്‍ക്കാരുകള്‍ക്ക് കൂട്ടുനില്‍ക്കണമായിരുന്നു എന്നാണോ പറയുന്നതെന്ന് കോടിയേരി ചോദിച്ചു.

Advertisment

എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയല്ല, സിപിഎമ്മിന്റെ പോഷക സംഘടനയാണ് എന്ന ബി.ആര്‍.പി.യുടെ പരാമര്‍ശത്തെയും കോടിയേരി എതിര്‍ത്തു. എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയാണെന്ന വസ്തുത ആവര്‍ത്തിച്ച് പറയുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളി സംഘടനയായ സിഐടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പോഷക സംഘടനയല്ലെന്നും സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു.

"വിദ്യാര്‍ഥിജീവിത കാലഘട്ടത്തില്‍ പഠനത്തിന് മുന്‍ഗണന നല്‍കണമെന്നതാണ് സിപിഎം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാ വിദ്യാര്‍ഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഎം അംഗീകരിക്കുന്നത്. ഈ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതാണ് എസ്‌എഫ്‌ഐ നേതൃത്വം. ആ പ്രവര്‍ത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ യൂണിറ്റ് ഭാരവാഹികള്‍ സ്വന്തം പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇവരെ ആക്രമണകാരികളാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ബി.ആര്‍.പി. ഭാസ്‌കറുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും. ഇത്തരം വ്യക്തികളുടെ നുണ പ്രചരണങ്ങള്‍ക്കുള്ള മറുപടി വിദ്യാര്‍ഥികൾ തന്നെ നല്‍കുന്നുണ്ട്. ഇന്നലെ കേരളമാകെ പൂത്തുലഞ്ഞ എസ്‌എഫ്‌ഐയുടെ ശുഭ്രപതാകകള്‍ ഒറ്റുകാര്‍ക്കും നുണപ്രചാരകര്‍ക്കുമുള്ള മറുപടിയാണ്. എണ്ണം കൂടിയിട്ടേയുള്ളു, ഒട്ടും കുറഞ്ഞിട്ടില്ല" - കോടിയേരി പറഞ്ഞു.

University College Sfi Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: