കൊച്ചി: ചുംബന സമരത്തെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സദാചാര പൊലീസിന്റെ പ്രവർത്തനത്തെ ആരും അംഗീകരിക്കുന്നില്ലെങ്കിലും പരസ്യമായി എല്ലാം ചെയ്യാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുമ്പോൾ അതിന് പൊതു സമൂഹത്തിൻറെ അംഗീകാരം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് അവർ തന്നെ അതിനെപ്പറ്റി ആലോചിക്കണം. രക്ഷിതാക്കളുടെ കൂടി പിന്തുണ നേടിക്കൊണ്ടായിരിക്കണം ഏതൊരാളും പ്രവർത്തിക്കേണ്ടതെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.
മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയപ്പോഴാണ് ചുംബന സമരത്തെ എതിര്‍ത്ത് കോടിയേരി രംഗത്തെത്തിയത്.
കിസ് ഓഫ് ലൗ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ചുംബന സമരത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് എത്തിയപ്പോള്‍ ചുംബന സമരത്തേയും, സദാചാര ഗുണ്ടായിസത്തേയും, ഇടതു സര്‍ക്കാരിനേയും വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി.
ഇന്ന് മറൈന്‍ ഡ്രൈവില്‍ പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ചുംബന സമരം നടക്കുന്നിടത്തു നിന്നും അല്‍പം മാറി നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇടത് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ശിവസേനുടെ സദാചാര മുദ്രാവാക്യം നടന്നതെന്ന് ബിജെപി ആരോപിച്ചു. സിപിഎം എ ടീമും, ശിവസേന ബി ടീമുമായി പ്രവര്‍ത്തിച്ചാണ് സദാചാര ഗുണ്ടായിസം നടത്തുന്നതെന്നും ബിജെപി ആരോപിച്ചു. വന്‍ പൊലീസ് സന്നാഹമാണ് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയിരുന്നത്.
കിസ് ഓഫ് ലവ് പ്രവർത്തകരുടെ നേതൃത്വത്തിൽ തെരുവു നാടകം നടത്തുകയും കൂട്ടമായി പാട്ടുകൾ പാടുകയും ചെയ്തു. അതിനുശേഷം പരസ്പരം ചുംബിക്കുകയും ചെയ്തു. നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ശിവസേനക്കാരുടെ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകൾ ‘സ്നേഹ ഇരിപ്പു സമരം നടത്തി. സദാചാര ചൂരൽ വിറ്റ് കെഎസ്‌യു പ്രവർത്തകരും പ്രതിഷേധിച്ചു.