തിരുവനന്തപുരം: ഹര്‍ത്താലിനെ പിന്തുണയ്ക്കുക വഴി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ബിജെപിയുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം നടത്തേണ്ട സമരമാര്‍ഗ്ഗമാണ് ഹര്‍ത്താലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിന് പിന്തുണകൊടുക്കുന്ന സ്ഥിതി വന്നാല്‍ അതിന്റെ ഉദ്ദേശം വളരെ വ്യക്തമല്ലേ. കേരളത്തിലെ സര്‍ക്കാരിനെതിരായുള്ള ഒരു കലാപത്തിന് അദ്ദേഹം നേതൃത്വം നല്‍കുകയാണ്. അസാധാരണമായ സ്ഥിതി വിശേഷമാണ് നമ്മുടെ രാജ്യത്തുണ്ടായിരിക്കുന്നത്. ഒരു പ്രധാനമന്ത്രിയും നമ്മുടെ രാജ്യത്ത് അങ്ങനെ ചെയ്തിട്ടില്ല. ‘ എന്നാണ് കോടിയേരി പറഞ്ഞത്.

കൊല്ലം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലെ ബൂത്ത് പ്രസിഡന്റുമാരുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍, ഹര്‍ത്താല്‍ നടത്താന്‍ സംസ്ഥാന ഘടകം നിര്‍ബന്ധിതമായെന്ന് പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹര്‍ത്താലിനെതിരെ ബൂത്ത് പ്രസിഡന്റുമാര്‍ പരാതിപ്പെട്ടപ്പോഴാണ് മോദി ന്യായീകരിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.