തിരുവനന്തപുരം: ജനരക്ഷായാത്രയിലുടനീളം കേരളത്തെ അധിക്ഷേപിച്ചതിനും വിഷലിപ്തമായ പ്രചാരണം നടത്തിയതിനും ബിജെപി നേതാക്കള്‍ മാപ്പുപറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് ബിജെപി ദേശീയ നേതാക്കളടക്കം നടത്തിയത്. സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കാന്‍ വരുന്ന ആര്‍എസ്എസുകാര്‍ക്ക് പുരികത്തെപ്പോലും തൊടാന്‍ സാധിക്കില്ലെന്ന വസ്തുത മനസ്സിലാക്കിക്കോളണമെന്നും ഇത് കേരളമാണെന്നും കോടിയേരി പ്രസ്താവനയിലൂടെ പറഞ്ഞു.

കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്നുള്ള ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അധിക്ഷേപം ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ പരീക്കറെ മുഖ്യമന്ത്രി പദവിയില്‍നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ബിജെപി ‘ജനരക്ഷായാത്ര’ അങ്ങേയറ്റം പരാജയമായിരുന്നു. ഒരു ചലനവും അതിന് ഉണ്ടാക്കാനായില്ല. യാത്രയ്ക്കിടെ നടന്ന വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിലവിലുണ്ടായിരുന്ന വോട്ടുപോലും ചോര്‍ന്നു. കേരളം ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സംസ്ഥാനമായി മാറിയെന്ന് പറഞ്ഞു നടക്കുന്ന കുമ്മനവും കൂട്ടരും ജീവിക്കുന്നത് കേരളത്തിലല്ലേ. എത്ര കാലമായി ഒ.രാജഗോപാല്‍ ഇവിടെയല്ലേ ജീവിക്കുന്നത്. പിന്നെ ആര്‍ക്കാണ് ജീവിക്കാന്‍ പറ്റാത്തതെന്ന് അവര്‍ തന്നെ പറയണം എന്നും കോടിയേരി പറഞ്ഞു. വെറുതെ കള്ളപ്രചാരണം കൊണ്ട് ഇവിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ട. കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമം ഇവിടെ വിലപ്പോകില്ല എന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ