തിരുവനന്തപുരം: അഭിമന്യു കൊല ചെയ്യപ്പെട്ട മഹാരാജാസ് കോളജ് അടച്ചു പൂട്ടി വാഴവയ്ക്കുകയാണോ ചെയ്തതെന്ന് യുഡിഎഫിനോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോളജ് അടച്ചു പൂട്ടാനുള്ള സമരം രാഷ്ട്രീയ സമരമാണെന്നും ഇടതുപക്ഷം ഇതിനോടു യോജിക്കുന്നില്ലന്നും കോടിയേരി പറഞ്ഞു. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടുന്ന കോളേജ് യൂണിവേഴ്സിറ്റി കോളേജ്. അത് അടച്ചു പൂട്ടണമെന്നും ചരിത്ര മ്യൂസിയമാക്കണമെന്നുമൊക്കെയുള്ള യുഡിഎഫ് നിലപാടിനോട് യോജിക്കാൻ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.
‘അഭിമന്യു കൊല ചെയ്യപ്പെട്ട മഹാരാജാസ് കോളജ് അടച്ചുപൂട്ടി വാഴവയ്ക്കുകയാണോ ചെയ്തത്?. വിദ്യാർഥികൾ സമരം ചെയ്യുന്നതിനോട് ആരും എതിരല്ല. വിദ്യാർഥി സമരമെന്നു പറഞ്ഞ് എക്സ് കഐസ്യുക്കാരുടെ സമരമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
നേരത്തെ, ഇടിച്ചു നിരത്തിയല്ലാതെ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ തേർവാഴ്ചയ്ക്കു ശാശ്വത പരിഹാരമുണ്ടാകില്ലെന്നു കെ. മുരളീധരൻ എംപി പറഞ്ഞിരുന്നു. യുഡിഎഫ് സർക്കാർ ഇവിടെനിന്നു കോളജ് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തു സ്ഥാപിക്കുന്നത് ഇവിടെയാക്കാനായിരുന്നു തീരുമാനം. എന്നാൽ, കോടതി യാഥാർഥ്യമാകാതെ പോയി. വാടകയ്ക്കു പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ ഇവിടേക്കു മാറ്റിയിട്ടായാലും കോളജ് ഒഴിപ്പിക്കുകയാണു വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് അധ്യയനത്തിനായി ഇന്നാണ് തുറന്നത്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതല്‍ ഇങ്ങനെയായിരിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.