തിരുവനന്തപുരം: തിരഞ്ഞെടുപ്പു സമയത്തു ശബരിമല വിഷയം ജനങ്ങളെ ഓർമപ്പെടുത്തുമെന്നും ശബരിമല കർമ സമിതിക്കു തിരഞ്ഞെടുപ്പു ചട്ടം ബാധകമല്ലെന്നും പറഞ്ഞ് ഇടതുപക്ഷത്തിനെതിരെ രംഗത്ത് വന്ന കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആർഎസ്എസ്സുകാരനാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വാമി ചിദാനന്ദപുരി സന്യാസ വേഷം ധരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയിലേത് പോലെ സ്വാമിമാരെ രംഗത്തിറക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

ശബരിമല വിഷയം തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ഓര്‍മപ്പെടുത്തുമെന്നും, അതിനാണ് ധര്‍ണ നടത്തുന്നതെന്നും ആണ് സ്വാമി ചിദാനന്ദ പുരി അറിയിച്ചത്. തെരഞ്ഞടുപ്പിനു മുന്‍പായി നാമജപവുമായി തെരുവിലിറങ്ങാനാണ് കര്‍മസമിതി തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നില്‍ നിശ്ചയിച്ചിരിക്കുന്ന ധര്‍ണ നാമജപ പ്രതിഷേധമാക്കി മാറ്റി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം.

മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുതെന്ന ശബരിമല കര്‍മസമിതിയുടെ ബാനറുകളും നോട്ടീസുകളും നേരത്തേതന്നെ വിതരണം ചെയ്തിരുന്നു. ഇതിനെതിരെ പരാതിയുമായി ഇടതുമുന്നണിയും രംഗത്തെത്തിയിരുന്നു.കര്‍മസമിതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഇടതുമുന്നണി നേതൃത്വം വ്യക്തമാക്കി. നാമജപത്തിനെതിരെയും പരാതി നല്‍കുമെന്നും കര്‍മസമിതിയുടെ മറവിലുള്ളത് ആര്‍എസ്എസ് ആണെന്നും എല്‍ഡിഎഫ് ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.