കൊച്ചി: അണ്ടർ-17 ലോകകപ്പ് മത്സരം നടക്കുന്ന ഒക്ടോബർ 13ന് ഹർത്താൽ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തനിക്ക് കോൺഗ്രസുകാരോടും യു ഡി എഫിനോടും സഹതാപം തോന്നുന്നതായി അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ ഫിഫ ലോകകപ്പ് മത്സരം നടക്കുന്ന ഒക്ടോബര്‍ 13ന് തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് യുഡിഎഫ് മുന്നണിയെ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടാനാണെന്നാണ് പലരും പറയുന്നത്. എത്രമാത്രം പരിതാപകരമാണ് അവരുടെ അവസ്ഥയെന്ന് കോടിയേരി കുറിച്ചു.

“ഹര്‍ത്താലിനെതിരെ ഉണ്ണാവ്രത സമരം നടത്തിയ വ്യക്തിയാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. എന്നാല്‍, ഹസന്‍ പ്രസിഡന്റായ ശേഷം യുഡിഎഫ് നടത്തുന്ന മൂന്നാമത്തെ ഹര്‍ത്താലാണിത്. ഹസനെതിരെയുള്ള രമേശ് ചെന്നിത്തലയുടെ പടപുറപ്പാടാണ് ഈ ഹര്‍ത്താല്‍. അതുകൊണ്ട് എംഎം ഹസന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതാവും നല്ലത്”, കോടിയേരി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് 13ന് സംസ്ഥാന വ്യാപക ഹർത്താൽ നടത്താനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ആശുപത്രി,​ ആംബലുൻസ്,​ പാൽ,​ പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മൂന്നുമണി മുതൽ എറണാകുളം ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ ഹര്‍ത്താല്‍ ആണെങ്കില്‍ ആരാധകരുടെ പങ്കാളിത്തം കുറയുമെന്നതില്‍ സംശയമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ