തിരുവനന്തപുരം: പ്രാദേശിക വിഷയമാണ് തിരുവനന്തപുരത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിന്റെ മറവിൽ സംസ്ഥാന വ്യാപകമായ​ അക്രമത്തിനും നിയമവാഴ്ച തകർക്കാനുള്ള ശ്രമത്തിലുമാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളിൽ പങ്കെടുത്ത സിപിഎം പ്രവർത്തകർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്.​എന്നാൽ സിപിഎം പ്രവർത്തകരെ ആക്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല.”

“ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരെല്ലാവരും വിവിധ രാഷ്ട്രീയ അനുഭാവമുള്ള കുടുംബ പശ്ചാത്തലമുള്ളവരാണ്. സംഭവത്തിന് പിന്നിൽ പ്രാദേശികമായ വ്യക്തിതർക്കമാണ്. സിപിഎമ്മിന് ഈ വിഷയത്തിൽ പങ്കില്ല.”

“സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ച് നിയമവാഴ്ച തകർന്നിരിക്കുന്നുവെന്ന് വരുത്തിത്തീർക്കാനാണ് ബിജെപിയുടെ ശ്രമം. ഈ കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ ഉണ്ടാകുന്നുണ്ട്. അക്രമ സംഭവങ്ങളിലെല്ലാം മുഖം നോക്കാതെ നടപടി സ്വീകരിച്ചിട്ടുണ്ട്. യാതൊരു പ്രശ്നവും തിരുവനന്തപുരത്തെ സംബന്ധിച്ച് പൊലീസ് നടപടികളിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

അക്രമ സംഭവങ്ങളിൽ പങ്കാളികളായ ആർക്കും സിപിഎം യാതൊരു സഹായവും ചെയ്യില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ