തിരുവനന്തപുരം: വനിതാ മതിലിനെ വിമർശിച്ച എൻഎസ്എസ്സിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാ മതിലിൽ എൻഎസ്എസ്സിന്റെ പ്രതികരണം ശരിയായില്ലെന്നും എൻഎസ്എസ് നേതൃത്വം നിലപാട് തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് പറയുന്ന എൻഎസ്എസ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. എൻഎസ്എസിന് എങ്ങനെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനാകും. എൻഎസ്എസിനെ ആർഎസ്എസ് തൊഴുത്തിൽക്കൊണ്ട് കെട്ടാനുള്ള നീക്കമാണ്. ഇതിനെതിരെ എൻഎസ്എസിൽ നിന്നുതന്നെ എതിർപ്പ് ഉയരണം. എൻഎസ്എസിന്റെ നടപടി ആത്മഹത്യാപരമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ക്ഷേത്രപ്രവേശനത്തിന് അനുകൂല നിലപാടെടുത്ത മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞാക്രമിക്കുന്നുവെന്നും മുഖ്യമന്ത്രിക്ക് ധാർഷ്ട്യമെന്ന് ചിലർ അധിക്ഷേപിക്കുന്നുവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായി കോടയേരി പറഞ്ഞു.

നവോത്ഥാന പാരാമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവർഷ ദിനത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഇന്നലെ വിമർശിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണ്. ആരെയും അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. മുഖ്യമന്ത്രിയെന്ന നിലയിലല്ല പിണറായി ജനങ്ങളെ കൈകാര്യം ചെയ്യുന്നത്. ആരുടെയും ചട്ടുകമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ജനങ്ങളെ ജാതീയമായി വേർതിരിക്കുന്നതായി വനിതാ മതിൽ മാറുന്നു. വനിതാ മതിൽ വിഭാഗീയത ഉണ്ടാക്കും. ജനങ്ങളെ വിഭജിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്നത് എന്തിനാണ്. നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കുന്നത് എന്തിനാണ്? സ്ത്രീകൾക്ക് മാത്രമാണോ നവോത്ഥാനം ഉളളത്?. നവോത്ഥാനം വേണം, അനാചാരങ്ങൾ മാറുക തന്നെ വേണം. വനിതാ മതിലിൽ പങ്കെടുക്കണമോ വേണ്ടോയെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ