വടകര: കാർ യാത്ര വിവാദത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ​ രംഗത്ത്. കാർ ആരുടേതാണെന്ന് നോക്കിയല്ല താൻ കയറിയതെന്നും, കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വമാണ് കാര്യങ്ങൾ നോക്കി നടത്തിയതെന്നും കോടിയേരി പ്രതികരിച്ചു. കെ.സുരേന്ദ്രന്റെ വാക്കുകൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കൊടുവള്ളിയില്‍ ജാഥയില്‍ പങ്കെടുത്ത കോടിയേരി സഞ്ചരിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തില്‍ ആണെന്നാണ് ആക്ഷേപം. വിമാനത്താവളം കേന്ദ്രീകരിച്ച് കളളക്കടത്ത് നടത്തിയ കേസില്‍ പിടിയിലായി നടപടി നേരിടുന്ന കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉളള പിവൈ 01 സികെ 3000 എന്ന മിനി കൂപ്പറിലാണ് കോടിയേരി യാത്ര ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്ത് വന്നതോടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറി.

കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് ഫൈസലിന്റെ കാറുപയോഗിച്ചത് സിപിഎമ്മും സ്വർണ മാഫിയയും തമ്മിലെ ബന്ധത്തിന്റെ തെളിവാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സംഭവം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അന്വേഷിക്കണമെന്ന് ലീഗ് നേതാവ് മായിൻകുട്ടി ഹാജി ആവശ്യപ്പെട്ടു.

സംഭവത്തിനെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രനും രംഗത്തെത്തി. ഇതു ജനജാഗ്രതാ യാത്രയോ അതോ പണജാഗ്രതാ യാത്രയോ എന്ന് അദ്ദേഹം ചോദിച്ചു. ‘സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി അതും ആയിരം കിലോയിലധികം സ്വർണം കടത്തിയതിന്റെ പേരിൽ ഡിആർഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസൽ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാർട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം. അന്വേഷിക്കാൻ തയാറാവുമോ പാർട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയില്ലേ?’ സുരേന്ദ്രന്‍ ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ