/indian-express-malayalam/media/media_files/uploads/2017/02/kodiyeri-2.jpg)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംസ്ഥാന ഗവണ്‍മെന്റിന്റെ വിലയിരുത്തലാകും. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പ്ലസ് പോയിന്റ് ആയിരിക്കുമെന്നും ഇടതുമുന്നണി ചരിത്ര വിജയം സ്വന്തമാക്കുമെന്നും കോടിയേരി പറഞ്ഞു.
ഇടതുമുന്നണിയില്‍ ആറ് എംഎല്‍എമാരാണ് മത്സരരംഗത്തുള്ളത്. ഇത് തന്നെയാണ് തങ്ങളുടെ ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ തെളിവെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റ് ലോക്‌സഭയില്‍ ലഭിക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അസംബ്ലിയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ഈ ആറ് സീറ്റുകളിലും ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് ഇടതുമുന്നണി എംഎല്‍എമാരെ സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണിയില്‍ നിന്ന് ആറ് എംഎല്‍എമാരാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. സിപിഎമ്മില്‍ നിന്ന് നാല് എംഎല്‍എമാരും സിപിഐയില്‍ നിന്ന് രണ്ട് എംഎല്‍എമാരും മത്സരരംഗത്തുണ്ട്. ആറന്മുള എംഎൽഎ വീണ ജോർജ്, അരൂർ എംഎൽഎ എ എം ആരിഫ്, നിലമ്പൂർ എംഎൽഎ പി വി അൻവർ, കോഴിക്കോട് എംഎൽഎ പ്രദീപ് കുമാർ, നെടുമങ്ങാട് എംഎൽഎ സി ദിവാകരൻ, അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ എന്നിവരാണ് മത്സരരംഗത്തുള്ള ഇടത് എംഎൽഎമാർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.