തിരുവനന്തപുരം: അമൃതാനന്ദമയി മഠം രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ആത്മീയാചാര്യന്മാരെയും മഠാധിപതികളെയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് കേരളത്തെ ഗുജറാത്താക്കി മാറ്റാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർ.എസ്.എസ്, ബി.ജെ.പി, കോൺഗ്രസ്, ആർ.എസ്‌.പി തുടങ്ങിയ പ്രസ്ഥാനങ്ങൾ വിട്ട് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവരെ സ്വീകരിക്കാൻ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ശബരിമല സ്ത്രീ പ്രവേശനത്തിനനുകൂലമായി 11 വർഷം മുമ്പ്​ അമൃതാനന്ദമയി നിലപാട്​ എടുത്തിട്ടുണ്ട്​. ആർ.എസ്​.എസ്​ നിലപാട്​ മാറ്റിയതു കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട്​ മാറ്റിയത്? അമൃതാനന്ദമയി എന്തിനാണ്​ അയ്യപ്പ ഭക്​തസംഘമം പരിപാടിയിൽ പ​ങ്കെടുത്തത്​​. ഇത്തരത്തിലുള്ള മഹത് വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

‘അയ്യപ്പ സംഗമത്തിൽ ആത്മീയാചാര്യന്മാരും മഠാധിപതികളും രാഷ്ട്രീയമാണ് സംസാരിച്ചത്. ഇടതുപക്ഷത്തിനും കമ്മ്യൂണിസ്റ്റുകൾക്കുമെതിരെ ഇവർ പരസ്യമായ നിലപാട് എടുത്തത് കേവലം യാദൃശ്ചികതയല്ല. കേരളത്തിൽ ചുവടുറപ്പിക്കാൻ പലവട്ടം പയറ്റി പരാജയപ്പെട്ട ആർ.എസ്.എസ് പയറ്റുന്ന പുതിയ തന്ത്രത്തിന്റെ ഭാഗമായാണിത്. ആത്മീയാചാര്യമാരെ അണിനിരത്തി കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പറയിച്ചാൽ കേരളത്തിൽ മാറ്റമുണ്ടാകുമെന്ന് ആർഎസ്എസ് സ്വപ്നം കാണുന്നു. എന്നാലിത് വ്യാമോഹം മാത്രമാണ്. ഇത് കേരളമാണ്. വർഗീയ പിന്തിരിപ്പൻ ശക്തികൾക്കെതിരെ എന്നും നിലപാട് സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിനുള്ളതെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും ഇരട്ടപെറ്റ സഹോദരന്മാരാണ്. ​പ്രധാനമന്ത്രി കേരളത്തിലെത്തിയിട്ട് കോൺഗ്രസിനെ ഒന്നും പറഞ്ഞില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.