തിരുവനന്തപുരം: ശബരിമലയില്‍ കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷം വിശ്വാസത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ഇതുവരേയും റിവ്യൂ ഹര്‍ജി നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. വിശ്വാസികളെ ഇളക്കി വിടുന്നതിന് പകരം നിയമവഴി തേടുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുമ്പും ഇത്തരത്തിലുള്ള വിധിയുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം മഹാരാഷ്ട്രയിലെ ശനിശ്വര ക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിധി പരാമര്‍ശിച്ചു. അവിടെയൊന്നും ബിജെപി പ്രതിഷേധം നടത്തിയിരുന്നില്ലെന്നും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരായതിനാലാണ് പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണിതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

അതേസമയം, റിവ്യൂ ഹര്‍ജി നല്‍കുന്നത് ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്നും അതിന് നിയമ സാധ്യതയുണ്ടോയെന്ന് അവര്‍ അന്വേഷിക്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി. കൂടാതെ ആക്ടിവിസ്റ്റ് എന്ന നിലയില്‍ ആരേയും തടയാനാകില്ലെന്നും കോടിയേരി പറഞ്ഞു. പക്ഷെ പ്രശ്‌നമുണ്ടാക്കാനായി ആരെങ്കിലും ശ്രമിച്ചാല്‍ അത് പൊലീസിന് തടയാമെന്നും കോടിയേരി വ്യക്തമാക്കി. ഭക്തരെന്ന പേരില്‍ പ്രശ്‌നമുണ്ടാക്കുന്നവരേയും തടയാമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ശബരിമല സംഘര്‍ഷ ഭൂമിയാക്കരുതെന്നും വിശ്വാസത്തെ ബാധിക്കാത്ത വിധം വിധി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ നിര്‍വ്വീര്യമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതിഷേധത്തിന് പിന്നിലെന്ന് അഭിപ്രായപ്പെട്ട കോടിയേരി കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്നും പറഞ്ഞു.

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിധി നടപ്പിലാക്കണമെന്നാണ് പറയുന്നതെന്നും എന്നാല്‍ കേരളത്തിലെ ബിജെപിക്കാര്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു. വിധിയോട് വിയോജിപ്പുണ്ടെങ്കില്‍ കേന്ദ്രത്തിലുള്ള ബിജെപി നേതൃത്വത്തിന്റെ സഹായം തേടുകയാണവര്‍ ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും കോടിയേരി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ജി.രാമന്‍ നായര്‍ ബിജെപിയുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്തതും കോടിയേരി ചൂണ്ടിക്കാണിച്ചു. തങ്ങളുടെ പ്രമുഖനായ നേതാവിനെ കോണ്‍ഗ്രസ് ആര്‍എസ്എസിന് വിട്ടുകൊടുത്തിരിക്കുകയാണെന്നും ഈ അവിശുദ്ധ കൂട്ടുകെട്ട് നാളെയുണ്ടാക്കുന്ന ആഘാതം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേസ് കോടതിയിലുണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസോ ബിജെപിയോ ഇടപെട്ടില്ലെന്നും ഈ അവിശുദ്ധ ബന്ധം ജനം തിരിച്ചറിയണമെന്നും കോടിയേരി പറയുകയുണ്ടായി. എന്തുകൊണ്ട് ഇവര്‍ റിവ്യൂ ഹര്‍ജി നല്‍കുന്നില്ലെന്നും കോടിയേരി ചോദിച്ചു. വിശ്വാസവും അവിശ്വാസവും തമ്മില്‍ യുദ്ധമുണ്ടാക്കരുതെന്നും ബിജെപി പൊലീസില്‍ മതപരമായ ചേരിതിരിവിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ