കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിൽ അരാജകവാദികളുടെയും വർഗ്ഗീയ വാദികളുടെയും കടന്നുകയറ്റമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ത്രീകൾ ആക്രമിക്കപ്പെടുന്ന കേസിൽ ഇരയ്ക്കൊപ്പമാണ് സിപിഎം നിലകൊളളുന്നതെന്ന് അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയുടെ പരാതിയിൽ കത്തോലിക്ക സഭയെയും സിപിഎമ്മിനെയും സർക്കാരിനെയും പ്രതിസ്ഥാനത്ത് നിർത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കന്യാസ്ത്രീകളുടെ സമരത്തിന് നേരെ വിമർശനം ഉന്നയിച്ചത്. “സ്ത്രീസുരക്ഷയിൽ അധിഷ്ഠിതമാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നയം. അതുകൊണ്ടുതന്നെ സ്ത്രീകൾ ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങളുണ്ടായാൽ അതിൽ പ്രതി എത്ര സ്വാധീനവും ശക്തിയുമുള്ള ആളായാലും ഇരയോടൊപ്പമേ ഞങ്ങൾ നിലകൊള്ളൂ,” കോടിയേരി പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷണത്തിൽ പരിപൂർണ സ്വാതന്ത്ര്യമാണ് എൽഡിഎഫ് സർക്കാർ പൊലീസിന‌് നൽകിയിട്ടുള്ളതെന്ന് കോടിയേരി പറഞ്ഞു. പരാതിക്ക‌് അടിസ്ഥാനമായ സംഭവം നാലുവർഷം മുമ്പുണ്ടായതാണ്. തെളിവ് ശേഖരിക്കലും മൊഴിയെടുക്കലും ഞൊടിയിടയിൽ നടത്താവുന്നതല്ലെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.

“ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകൾ കൊച്ചിയിൽ സത്യാഗ്രഹം നടത്തുകയാണ്. ഈ സമരത്തെ ഒരു സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. ഇത്തരം രാഷ്ട്രീയശക്തികൾ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയാണ്,” കോടിയേരി വിശദീകരിച്ചു.

“ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസിൽ പരാതിയുമായി എത്തിയതും അവർക്ക് പിന്തുണയുമായി നാല് കന്യാസ്ത്രീകൾ പ്രത്യക്ഷസമരത്തിന് വന്നതും സഭയിൽത്തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇത് മനസ്സിലാക്കി ആഭ്യന്തരശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന നടത്താനുള്ള കരുത്ത് ക്രൈസ്തവസഭയ്ക്കുണ്ടെന്ന് ഞങ്ങൾ കരുതുന്നു. സന്മാർഗജീവിതത്തിൽനിന്ന‌് വ്യതിചലിക്കുന്ന വൈദികർക്ക് താക്കീതും ശിക്ഷയും നൽകുന്നതിനും അവരെ നേർവഴിക്ക‌് നയിക്കാൻ ഉപദേശവും കൽപ്പനയും പുറപ്പെടുവിക്കുന്നതിലും ക്രൈസ്തവസഭയുടെ ഇന്നത്തെ അധിപൻ ഫ്രാൻസിസ് മാർപാപ്പ ധീരമായ നേതൃത്വമാണ് നൽകുന്നത്”, എന്നും കോടിയേരി എഴുതി.

ജലന്ധർ ബിഷപ്പിനെതിരായ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. ഒരു ബിഷപ്പ്, കേസിൽ ഉൾപ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാൻ നിലകൊള്ളുന്ന വർഗീയശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നുകാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീപീഡനക്കേസുകളിൽ ഉൾപ്പെടുന്നവർ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ്‐നിയമ‐ഭരണചക്രങ്ങൾ ഉരുളുന്നതിൽ ഒരു ദയാദാക്ഷിണ്യവും എൽഡിഎഫ് ഭരണത്തിൽ ഉണ്ടാകില്ല. പ്രതികളുടെ ജാതി,മതം നോക്കാതെ ശക്തമായ നടപടികളാണ് ഇത്തരം കേസുകളിലെല്ലാം പൊലീസ് സ്വീകരിച്ചത്. ഇതേ സമീപനമാകും ബിഷപ്പിന്റെ കാര്യത്തിലുമുണ്ടാകുക. സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസുകളിൽ തെളിവുണ്ടെങ്കിൽ പ്രതികൾ അഴിയെണ്ണുകയും നിയമനടപടിക്ക് വിധേയരാകുകയും ചെയ്യും. വോട്ട് അല്ല കുറ്റത്തിന്റെ ഗൗരവവും തെളിവുമാണ് നിയമനടപടിക്ക് അടിസ്ഥാനമെന്നും കോടിയേരി പറഞ്ഞു.

ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെ കന്യാസ്ത്രീ സത്യാഗ്രഹത്തിന്റെ മറവിൽ ബിജെപിയും ആർഎസ്എസും കുത്തിയിളക്കുന്ന വർഗീയതയ്ക്കും എൽഡിഎഫ് സർക്കാർ വിരുദ്ധതയ്ക്കും വളമിടാൻ കോൺഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ഇത് രാഷ്ട്രീയവും സാമൂഹ്യവുമായ അപഥസഞ്ചാരമാണെന്നും അദ്ദേഹം പറഞ്ഞു.

“സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമ ആക്ഷേപം നേരിടുന്നവരാണ് യുഡിഎഫിലെ ഒരു പറ്റം നേതാക്കൾ. കമ്മിഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാത്രമായി അറസ്റ്റോ, മറ്റ് നിയമനടപടികളോ മാസങ്ങൾ പിന്നിട്ടിട്ടും ഉണ്ടായിട്ടില്ല. ഇത്തരം കേസുകളിൽ രാഷ്ട്രീയ ശത്രുതയോ വൈരനിര്യാതന ബുദ്ധിയോ എൽഡിഎഫ് സർക്കാരിനില്ല. ആവശ്യമായ പരിശോധനകളും തെളിവെടുപ്പും നടത്തി അവധാനതയോടെ കൈകാര്യം ചെയ്യുകയാണ് സർക്കാർ. അതുകൊണ്ട് ജലന്ധർ ബിഷപ്പിനെതിരായ പരാതി വന്നയുടനെ അറസ്റ്റുണ്ടായില്ലെന്ന ചില യുഡിഎഫ് നേതാക്കളുടെ അഭിപ്രായം അർഥശൂന്യമാണ്”, കോടിയേരി പറഞ്ഞു.

യുഡിഎഫ് ഭരണത്തിന്റെ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്ത് 5982 ബലാത്സംഗവും 886 സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകലും 1997 ലൈംഗിക അതിക്രമങ്ങളുമുണ്ടായി. എൽഡിഎഫ് ഭരണത്തിൽ സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയശത്രുക്കൾപോലും ഇത് അംഗീകരിക്കും. ക്രമസമാധാനത്തിൽ കേരളം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. എന്നാൽ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ഭയാനകമാണ്. സ്ത്രീകൾക്കെതിരായ എല്ലാവിധ അതിക്രമങ്ങൾക്കുംനേരെ അതിശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. ഈ നയംതന്നെയാണ് കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പിനെതിരായുള്ള കേസിലും സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ