തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അതിനെ പ്രോത്സാഹിപ്പിക്കുന്ന ശ്രമം ഉണ്ടാകരുത്. സമൂഹത്തെ മതപരമായി ചേരിതിരിക്കാനുള്ള ആര്‍എസ്എസ് ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെയാകെ മതപരമായി ചേരിതിരിക്കുന്ന പ്രചാരണങ്ങള്‍ ആര്‍എസ്എസ് എപ്പോഴും നടത്താറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ അതു ഭീകരമാണെങ്കിലും കേരളത്തില്‍ അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്കു തുടക്കം കുറിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. അതിനെ കേരളസമൂഹം ഒരു തരത്തിലും അംഗീകരിക്കുമെന്നു കരുതുന്നില്ല.
ഇത്തരം നിലപാടുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. കേരളീയ സമൂഹത്തിലുള്ള മതമൈത്രിയെ തന്നെ തകര്‍ക്കുന്ന നിലയിലേക്ക് അത് എത്തിച്ചേരും. വിഷയത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ ആശയക്കുഴപ്പമുണ്ടെന്നും കോടിയേരി പറഞ്ഞു.
ഹലാല്‍ വിഷയത്തില്‍ ബിജെപി സ്വീകരിച്ച പരസ്യനിലപാടിനെച്ചൊല്ലി വാദപ്രതിവാദങ്ങള്‍ മുറുകുന്ന സാഹചരത്തിലാണ് കോടിയേരിയുടെ പ്രതികരണം. ഹലാല്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത് നിഷ്‌കളങ്കമല്ലെന്നും ഇതിനു പിന്നില്‍ കൃത്യമായ അജന്‍ഡയുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Also Read: ശബരിമല-ഹലാല്‍ ശര്‍ക്കര വിവാദം: ഭക്ഷ്യ സുരക്ഷ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി
ഹലാല്‍ വിവാദത്തില്‍ വികാരമല്ല വിവേകമാണ് നയിക്കേണ്ടതെന്ന ബിജെപി വക്താവ് സന്ദീപ് വാര്യരുടെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നാലെയായിരുന്നു സുരേന്ദ്രന്റെ വിശദീകരണം. വിവാദത്തില്‍ ബിജെപിയില്‍ ഭിന്നനിലപാട് പ്രകടമായതിനു പിന്നാലെ സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. പാര്‍ട്ടി നിലപാട് സംസ്ഥാന അധ്യക്ഷന്‍ വിശദീകരിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന് എല്ലാവരും മനസിലാക്കിയാല്‍ നല്ലതെന്നു സന്ദീപ് വാര്യര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
മന്ത്രിസ്ഥാനമെന്ന എല്‍ജെഡിയുടെ ആവശ്യം കോടിയേരി ബാലകൃഷ്ണന്‍ തള്ളി. ഓരോ പാര്‍ട്ടികള്‍ക്കും അവകാശവാദങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ല. ജനതാ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് സിപിഎം അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
Also Read: സഞ്ജിത്ത് വധം: മൂന്നു പേര്‍ കസ്റ്റഡിയില്‍